കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു. സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ സ്ഥിതി ചെയ്തിരുന്ന ക്ലോക്ക് ടവറാണ് വ്യാഴാഴ്ച രാവിലെ പതിനൊന്നേകാലോടെ തകർന്നുവീണത്.
അപകടസമയത്ത് പ്ലാറ്റ്ഫോമിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
രണ്ടും മൂന്നും പ്ലാറ്റ്ഫോമുകൾക്കിടയിലായി സ്ഥിതി ചെയ്തിരുന്ന ക്ലോക്ക് ടവറിന്റെ മുകളിലെ മേൽക്കൂര ഉൾപ്പെടെയുള്ള ഭാഗങ്ങളാണ് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് പതിച്ചത്.
അപകടം നടക്കുമ്പോൾ ഈ പ്ലാറ്റ്ഫോമിൽ ഒരു തീവണ്ടി നിർത്തിയിട്ടിരുന്നെങ്കിലും അതിൽ യാത്രക്കാരുണ്ടായിരുന്നില്ല.
കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയാണ് കെട്ടിടം തകരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
ക്ലോക്ക് ടവർ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് കാലപ്പഴക്കം ചെന്നിരുന്നതായും ഇതിൽ വിള്ളലുകൾ കണ്ടെത്തിയിരുന്നതായും വിവരമുണ്ട്.

