വയനാട്: വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്ത ഭൂമിയിൽ തിരച്ചിൽ തുടരുന്നതിനിടെ ഇന്ന് നാല് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു.
സൈറ്റ് എൻജിനീയറായ ഹിമാചൽ പ്രദേശ് സ്വദേശി രാഹുൽ ശർമ, എക്സ്കവേറ്റർ ഓപ്പറേറ്ററായ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഉത്തർപ്രദേശ് സ്വദേശിയായ സർവേയർ അസ്ഹറുദ്ദീൻ അൻസാരി എന്നിവർക്ക് പുറമെ തിരിച്ചറിയാത്ത ഒരു മൃതദേഹവുമാണ് ഇന്ന് ലഭിച്ചത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം ഏഴായി ഉയർന്നു.
ഇനി കണ്ടെത്താനുള്ള കൺസ്ട്രക്ഷൻ മാനേജർ വിക്രം റാണ, സർവേയർ രാകേഷ് ഗുച്ചൈത് എന്നിവരിൽ ഒരാളുടേതാണ് ഒടുവിൽ ലഭിച്ച മൃതദേഹമെന്നാണ് അനുമാനമെങ്കിലും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, ദുരന്തഭൂമിയിലെ പുഴയിൽ വീണുകിടന്ന ബസ്സും മറ്റ് വാഹനഭാഗങ്ങളും നീക്കം ചെയ്തതോടെ ജലനിരപ്പ് താഴുകയും വെള്ളം തെളിയുകയും ചെയ്തത്, പുഴ കേന്ദ്രീകരിച്ച് ഇന്ന് കൂടുതൽ ഊർജിതമാക്കിയ രക്ഷാപ്രവർത്തനത്തെ ഏറെ എളുപ്പമാക്കിയിട്ടുണ്ട്.

