ദുരന്തത്തിന് ശേഷം റെഡ് അലർട്ട്; സർക്കാരിനെതിരെ പ്രതിപക്ഷനേതാവ് പിണറായി വിജയൻ

9 July 2026
ദുരന്തത്തിന് ശേഷം റെഡ് അലർട്ട്; സർക്കാരിനെതിരെ പ്രതിപക്ഷനേതാവ് പിണറായി വിജയൻ

കൽപ്പറ്റ: വയനാട് കള്ളാടിയിലെ തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാരിനെതിരെ ഗുരുതര വീഴ്ച ആരോപിച്ചു പ്രതിപക്ഷനേതാവ് പിണറായി വിജയൻ രംഗത്ത്.

കള്ളാടിയിലെ ദുരന്തഭൂമി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിൽ അതിതീവ്ര മഴ ഉണ്ടായിട്ടും ജനങ്ങൾക്കോ തൊഴിലാളികൾക്കോ കൃത്യമായ അപകടമുന്നറിയിപ്പ് നൽകാതിരുന്നത് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ദുരന്തം സംഭവിച്ചതിന് ശേഷമാണ് അധികൃതർ പ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.നിർമാണത്തിനായി പ്രദേശത്ത് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കം ചെയ്യാൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. ഈ മണ്ണ് ഇപ്പോഴും പൂർണ്ണമായി ഒലിച്ചുപോയിട്ടില്ല എന്നത് ആശങ്കയുണ്ടാക്കുന്നു.

മീനാക്ഷി പാലത്തിന് സമീപത്തെ താമസക്കാരെ മുൻകൂട്ടി മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അതൊന്നും പ്രാവർത്തികമാക്കിയില്ല. മണ്ണിടിച്ചിലും മണ്ണൊലിപ്പും തടയാൻ ആവശ്യമായ യാതൊരു മുൻകരുതലുകളും സർക്കാർ തലത്തിൽ ഉണ്ടായില്ല.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ സർക്കാർ തലത്തിൽ നടക്കുന്നതെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. ക്യാമ്പിലുള്ളവർക്ക് വസ്ത്രം ഉൾപ്പെടെയുള്ള അടിയന്തര സഹായങ്ങൾ എത്തിക്കാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.