തിരുവല്ലം ബൈക്കപകടത്തിൽ സുഹൃത്തുക്കൾ‌ മരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്: മരണ കാരണം ബൈക്കിൽ കാറിടിപ്പിച്ചത്; തുമ്പുണ്ടാക്കിയത് ബൈക്കിലെ ആ പെയിന്റ് പാട്! പ്രതി പിടിയിൽ

10 July 2026
തിരുവല്ലം ബൈക്കപകടത്തിൽ സുഹൃത്തുക്കൾ‌ മരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്: മരണ കാരണം ബൈക്കിൽ കാറിടിപ്പിച്ചത്; തുമ്പുണ്ടാക്കിയത് ബൈക്കിലെ ആ പെയിന്റ് പാട്! പ്രതി പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ തിരുവല്ലം ബൈക്കപകടത്തിന് പിന്നിൽ ക്രൂരമായ ‘ഹിറ്റ് ആൻഡ് റൺ’ എന്ന് പൊലീസ് കണ്ടെത്തൽ.

തിരുവല്ലം ടോൾ പ്ലാസയ്ക്ക് സമീപം കഴിഞ്ഞ ദിവസം ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് സുഹൃത്തുക്കളായ രണ്ട് യുവാക്കൾ മരിച്ച സംഭവം ആസൂത്രിതമായ ഒരു റോഡ് അപകടമായിരുന്നുവെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം.

തുടക്കത്തിൽ സാധാരണ അപകടമെന്ന് കരുതിയ കേസിൽ പൊലീസിന്റെ സൂക്ഷ്മമായ പരിശോധനയാണ് വഴിത്തിരിവായത്. അപകടത്തിൽപ്പെട്ട ബൈക്കിന്റെ ഹാൻഡിലിൽ മറ്റൊരു വാഹനത്തിന്റെ പെയിന്റ് ഉരസിയിരിക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

ഈ സംശയത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലാണ് ബൈക്കിന് പിന്നിൽ അതിവേഗത്തിലെത്തിയ ഒരു കാർ ഇടിക്കുന്നത് കണ്ടെത്തിയത്.

അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ കാറും അതിന്റെ ഡ്രൈവറായ മലയിൻകീഴ് സ്വദേശി വിഷ്ണുവിനെയും പൊലീസ് മണിക്കൂറുകൾക്കകം കസ്റ്റഡിയിലെടുത്തു.

മലയിൻകീഴിലെ വീട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു കാർ. ബൈക്കിന് പിന്നിൽ ഇടിച്ച ശേഷം ഭയന്ന് നിർത്താതെ പോയതാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

എറണാകുളം സ്വദേശി നവീൻ സിബി (25), തൊടുപുഴ സ്വദേശിനി മൃദുല ആൻ ഉമ്മൻ (25) എന്നിവരാണ് കാറിന്റെ അശ്രദ്ധമായ ഡ്രൈവിംഗിനിരയായി ജീവൻ വെടിഞ്ഞത്. പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.