കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: എട്ടാമത്തെ മൃതദേഹവും കണ്ടെത്തി

12 July 2026
കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: എട്ടാമത്തെ മൃതദേഹവും കണ്ടെത്തി

കൽപ്പറ്റ: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തസ്ഥലത്തുനിന്ന് ഒടുവിൽ കണ്ടെത്താനുണ്ടായിരുന്ന ആളുടെ മൃതദേഹവും കണ്ടെടുത്തു.

മീനാക്ഷി പുഴയുടെ വലതുകരയിലെ ചതുപ്പുനിലത്തിൽ ഫയർഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി ഉയർന്നു.

ജൂലൈ എട്ടിന് രാവിലെ പത്തരയോടെ കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലായിരുന്നു നാടിനെ നടുക്കിയ മണ്ണിടിച്ചിലുണ്ടായത്.

തുരങ്കപാത നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന അതിഥി തൊഴിലാളികളടക്കമുള്ളവരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റവരെയും സമീപവാസികളെയും നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.