ടെഹ്റാൻ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി വിതച്ചുകൊണ്ട് ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്കയുടെ ശക്തമായ വ്യോമാക്രമണം. ഇറാനിലെ തന്ത്രപ്രധാന തീരദേശ മേഖലകളായ ബന്ദർ അബ്ബാസ്, സിരിക്, ഖഷം ദ്വീപ് എന്നിവിടങ്ങളിലാണ് യു.എസ് സേന വൻതോതിൽ ബോംബാക്രമണവും ഡ്രോൺ വർഷവും നടത്തിയത്.
അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ മേൽനോട്ടത്തിൽ നടന്ന ഈ സൈനിക നടപടിയിൽ ഇറാനിലെ നൂറ്റിനാൽപ്പതിലധികം കേന്ദ്രങ്ങളെയാണ് യു.എസ് ലക്ഷ്യമിട്ടത്. ആക്രമണത്തിൽ തെക്കുപടിഞ്ഞാറൻ ഇറാനിലെ മാഹ്ഷാഹറിലുള്ള ഒരു വാട്ടർ പമ്പിംഗ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ജീവനക്കാരൻ കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുവൈത്തിലും ഖത്തറിലും ഇറാൻ നടത്തിയ തിരിച്ചടിയിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഖത്തറിലുണ്ടായ ആക്രമണത്തിൽ ഒരു കുട്ടിയടക്കം മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് വിവരങ്ങൾ പുറത്തുവരുന്നത്.
പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമായതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം എണ്ണവിലയിൽ 4 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.

