കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന് വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യാൻ അനുമതി നൽകുമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്. ഇത് സംബന്ധിച്ച ഔദ്യോഗിക നിലപാട് സർക്കാർ ഹൈക്കോടതിയെ അറിയിക്കും.
കാപ്പാ (KAAPA) നിയമപ്രകാരം തടവിൽ കഴിയുന്നതിനാൽ സുഗതനെ ജയിലിൽ നിന്ന് പുറത്തുവിടാനാകില്ലെന്ന നിലപാടിലാണ് സർക്കാർ.
കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്യാൻ താത്കാലികമായി ജാമ്യം അനുവദിക്കണമെന്ന സുഗതന്റെ ഹർജിക്കുള്ള മറുപടിയായാണ് സർക്കാർ ഈ നീക്കം നടത്തുന്നത്.
നാളെ രാവിലെ 11 മണിക്ക് സുഗതന്റെ സത്യപ്രതിജ്ഞ നടത്താനാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്.
നേരത്തെ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്യാൻ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുഗതൻ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും പ്രോസിക്യൂഷൻ ഇതിനെ ശക്തമായി എതിർത്തിരുന്നു. ഈ വിഷയം പരിഗണിക്കേണ്ടത് മജിസ്‌ട്രേറ്റ് കോടതിയല്ല, ഹൈക്കോടതിയാണെന്ന പ്രോസിക്യൂഷൻ നിലപാടിനെ തുടർന്നാണ് സുഗതൻ ഹൈക്കോടതിയെ സമീപിച്ചത്.
ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് സുഗതൻ ഉൾപ്പെടെയുള്ള 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.
തുടർന്ന് മറ്റ് കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തെങ്കിലും, കാപ്പ ചുമത്തപ്പെട്ട് ജയിലിലായതിനാൽ സുഗതന് അതിന് സാധിച്ചില്ല. ആറുമാസത്തെ കാപ്പാ തടവ് കാപ്പ ഉപദേശക സമിതിയും ശരിവെച്ചിരുന്നു.
തടവ് ശിക്ഷ നിലനിൽക്കുന്നതിനാൽ സുഗതന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കാൻ നിലവിൽ നിയമപരമായ തടസ്സങ്ങളുണ്ട്.
കോടതിയുടെ പ്രത്യേക അനുമതിയോടെ നിശ്ചിത സമയത്തിനകം സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ലെങ്കിൽ സുഗതന് കൗൺസിലർ സ്ഥാനം നഷ്ടമാകും.
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം കയ്യാളുന്ന ബിജെപിക്ക് സുഗതന്റെ കൗൺസിലർ സ്ഥാനം നഷ്ടപ്പെടുന്നത് വലിയ രാഷ്ട്രീയ തിരിച്ചടിയാകും.

