പാലക്കാട്: കേരളത്തെ നടുക്കിയ പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ വിധി പ്രസ്താവിച്ചത്.
ഭാരതീയ ന്യായ സംഹിത (BNS) വകുപ്പുകളായ 103(1), 126(2) എന്നിവ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. കൃത്യം നടന്ന് ഒന്നര വർഷത്തിന് ശേഷമാണ് കേസിൽ നിർണായക വിധി വരുന്നത്. പ്രതിക്കുള്ള ശിക്ഷ ജൂലൈ 15-ന് കോടതി പ്രഖ്യാപിക്കും.
കോടതിയിൽ നാടകീയ രംഗങ്ങളാണ് വിധിപ്രസ്താവനയ്ക്ക് തൊട്ടുമുമ്പ് അരങ്ങേറിയത്. വിധി പറയുന്നതിന് മുൻപായി എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ, “തന്നെ തൂക്കിക്കൊന്നോളൂ” എന്നായിരുന്നു പ്രതി ചെന്താമരയുടെ മറുപടി.
പോത്തുണ്ടി ബോയൻ നഗർ സ്വദേശിയായ സുധാകരൻ, അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് ചെന്താമരയ്‌ക്കെതിരെയുള്ള കേസ്. കഴിഞ്ഞ ജൂൺ 30-ന് കേസിന്റെ അന്തിമവാദം പൂർത്തിയായിരുന്നു. ജൂലൈ 6-ന് വിധി പറയാൻ നിശ്ചയിച്ചിരുന്നതാണെങ്കിലും ജഡ്ജിയുടെ ആരോഗ്യപ്രശ്നങ്ങൾ കാരണം വിധി മാറ്റിവെക്കുകയായിരുന്നു.
പ്രതിയായ ചെന്താമരയ്ക്ക് കോടതി പരമാവധി ശിക്ഷയായ ജിവപര്യന്തമോ തൂക്കുകയറോ നൽകണമെന്ന് കേസിന്റെ പ്രധാന സാക്ഷിയായ പുഷ്പ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതി ജാമ്യത്തിലിറങ്ങിയാൽ തങ്ങളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി പുഷ്പ വെളിപ്പെടുത്തി.
“കയ്യും കാലും വയ്യാത്ത ഞാനും എന്റെ കുഞ്ഞും ഇപ്പോൾ കോയമ്പത്തൂരിലാണ് കഴിയുന്നത്. ചെന്താമര ഇനി പുറത്തിറങ്ങില്ലെന്ന് ഉറപ്പ് ലഭിച്ചാൽ മാത്രമേ ഞങ്ങൾക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിക്കൂ. അയാൾ പുറത്തിറങ്ങിയാൽ എന്നെയും സജിതയുടെ മക്കളെയും കൊലപ്പെടുത്തും,” പുഷ്പ ഭയത്തോടെ കൂട്ടിച്ചേർത്തു.

