തിരുവനന്തപുരം: സംസ്ഥാനത്തെ പരീക്ഷാ ക്രമക്കേടിൽ സർക്കാർ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. ഇന്ന് ചേർന്ന പിഎസ്‌സി ബോർഡ് യോഗത്തിലാണ് അന്വേഷണത്തെ സ്വാഗതം ചെയ്യാൻ കമ്മീഷൻ തീരുമാനമെടുത്തത്.
അന്വേഷണസംഘം ആവശ്യപ്പെടുന്ന എല്ലാവിധ രേഖകളും എത്രയും വേഗം കൈമാറാൻ യോഗത്തിൽ ധാരണയായി. സർക്കാരുമായി ഒരു തരത്തിലുമുള്ള ഏറ്റുമുട്ടലിനോ ഭിന്നാഭിപ്രായങ്ങൾക്കോ ഈ ഘട്ടത്തിൽ പ്രസക്തിയില്ലെന്ന് ബോർഡ് യോഗം വിലയിരുത്തി. സർക്കാരുമായി ഭിന്നതയുണ്ടാകുന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കാൻ മാത്രമേ ഉപകരിക്കൂ എന്നാണ് കമ്മീഷന്റെ നിലപാട്.
നിലവിൽ ഉയർന്നുവന്ന ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരേണ്ടതുണ്ട്. നിഷ്പക്ഷമായ അന്വേഷണത്തിലൂടെ യഥാർത്ഥ വസ്തുത പൊതുസമൂഹത്തിന് മുന്നിൽ ബോധ്യപ്പെടുത്തേണ്ടത് കമ്മീഷന്റെ കൂടി ആവശ്യകതയും സുതാര്യത നിലനിർത്താൻ അനിവാര്യവുമാണെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.

