തിരുവനന്തപുരം: കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ പത്ത് വർഷക്കാലത്തെ ഭരണത്തിനിടയിൽ ആരോഗ്യവകുപ്പിൽ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിൽ വ്യാപക ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ സമഗ്ര അന്വേഷണത്തിന് സമിതിയെ നിയോഗിച്ചു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് ഉന്നതതല അന്വേഷണ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിൽ കോടിക്കണക്കിന് രൂപയുടെ വിലകൂടിയ മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കാതെ നശിക്കുന്നതായും വാങ്ങലിൽ അഴിമതി നടന്നതായും നിരവധി പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി.
നടപടികളുടെ ഭാഗമായി കഴിഞ്ഞദിവസം സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടെയും ആശുപത്രി സൂപ്രണ്ടുമാരുടെയും അടിയന്തര യോഗം പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ചുചേർത്തിരുന്നു. ആശുപത്രികളിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ വാങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ സംബന്ധിച്ച കൃത്യമായ കണക്കുകൾ അഞ്ച് ദിവസത്തിനകം സമർപ്പിക്കാൻ യോഗത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി നിർദേശം നൽകി.

