പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും.
കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു. പ്രതിക്ക് അനുകൂലമായ രീതിയിൽ തയ്യാറാക്കിയ മിറ്റിഗേഷൻ റിപ്പോർട്ട് വിധി പറയുമ്പോൾ യാതൊരു കാരണവശാലും പരിഗണിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
ആദ്യം കൊലപാതകം നടത്തിയ ശേഷം പ്രതിയെ തിരുത്താൻ സിസ്റ്റം തയ്യാറായില്ലെന്നും, അതുകൊണ്ടുതന്നെ ഇത്തരമൊരു റിപ്പോർട്ട് അംഗീകരിക്കാനാകില്ലെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. ജയിലിൽ ജോലി ചെയ്ത് ലഭിക്കുന്ന പണം കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നൽകാമെന്ന പ്രതി ചെന്താമരയുടെ വാദവും പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി എതിർത്തു.
2025 ജനുവരി 27-നാണ് പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര ക്രൂരമായി കൊലപ്പെടുത്തിയത്.

