കൊച്ചി: കപ്പൽ നിർമ്മാണ മേഖലയിലെ ടാറ്റയുടെ പതിനായിരം കോടിയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷമായ പരിഹാസവും വിമർശനവുമായി മുൻ വ്യവസായ മന്ത്രി പി. രാജീവ്.
ടാറ്റയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രിയുടെ പ്രസ്താവന പരസ്യമായി തള്ളിപ്പറയേണ്ടി വരുന്ന സാഹചര്യം ഉണ്ടാകുന്നതെന്നും ഇത് കേരളത്തിന്റെ വിശ്വാസ്യതയെയാണ് ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
“ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി ഒരു മുഖ്യമന്ത്രിക്കുണ്ടാകണം. ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾ സംസാരിക്കുമ്പോൾ അതിൽ കുറച്ചെങ്കിലും ആധികാരികതയും സത്യസന്ധതയും ഉണ്ടായിരിക്കണം,” രാജീവ് കൂട്ടിച്ചേർത്തു.
ടാറ്റയുടെ സബ്‌സിഡിയറി കമ്പനിയായ ആർട്‌സൺ എൻജിനീയറിങ് ലിമിറ്റഡും മലബാർ സിമന്റ്‌സും തമ്മിലുള്ള മീഡിയം സൈസ് ബോട്ട് നിർമ്മാണ പദ്ധതി 2025-ലെ ‘ഇൻവെസ്റ്റ് കേരള’യിൽ അവതരിപ്പിച്ചതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന പദ്ധതിയെ ഇപ്പോൾ ‘മിഷൻ സമുദ്ര’യുടെ ഭാഗമായി മുഖ്യമന്ത്രി പുതിയ രീതിയിൽ അവതരിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

