ന്യൂഡൽഹി: എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിക്ക് വീണ്ടും സുവർണനേട്ടം.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി, ചാത്തൻ എന്നീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയ പ്രകടനത്തിനാണ് മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്.
മമ്മൂട്ടിയുടെ കരിയറിലെ നാലാമത്തെ ദേശീയ ചലച്ചിത്ര പുരസ്കാരമാണിത്.ഇതേ പ്രകടനത്തിന് മമ്മൂട്ടിക്ക് നേരത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരുന്നു.
നേരത്തെ മതിലുകൾ, ഒരു വടക്കൻ വീരഗാഥ, പൊന്തന്മാട, വിധേയൻ, ഡോ. ബാബാസാഹേബ് അംബേദ്ക്കർ എന്നീ ചിത്രങ്ങളിലൂടെ മൂന്ന് തവണയാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയത്.
സംവിധായകൻ ജയരാജ് അധ്യക്ഷനായ 11 അംഗ കേന്ദ്ര ജൂറിയാണ് പുരസ്കാരങ്ങൾ നിർണയിച്ചത്.


