ചെന്നൈ: അന്തരിച്ച പ്രശസ്ത നടനും സംവിധായകനുമായ കെ. ഭാഗ്യരാജിന്റെ വസതിയിൽ മാധ്യമപ്രവർത്തകരുടെ അതിരുകടന്ന പെരുമാറ്റത്തിനെതിരെ കൈകൂപ്പി പൊട്ടിത്തെറിച്ച് നടി രാധിക ശരത്കുമാർ.
ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ഭാഗ്യരാജിനെ അവസാനമായി ഒരുനോക്ക് കാണാൻ ഒട്ടനവധി പ്രമുഖരാണ് അദ്ദേഹത്തിന്റെ വസതിയിലേക്ക് എത്തിയത്. ഇതിനിടയിലാണ് ചെന്നൈയിലെ വസതിക്ക് മുന്നിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ഭാഗ്യരാജിന്റെ ഭൗതിക ശരീരം ആംബുലൻസിൽ വസതിയിൽ എത്തിച്ചപ്പോൾ ദൃശ്യങ്ങൾ പകർത്താനായി മാധ്യമപ്രവർത്തകർ വാഹനത്തിന് ചുറ്റും തടിച്ചുകൂടി. തിരക്ക് കാരണം ഏറെ നേരം ശ്രമിച്ചിട്ടും ആംബുലൻസിൽ നിന്നും മൃതദേഹം പുറത്തെടുക്കാൻ സാധിക്കാത്ത അവസ്ഥയായി.
വണ്ടിയിൽ ഒപ്പമുണ്ടായിരുന്ന നടി രാധിക മാധ്യമങ്ങൾക്ക് മുന്നിൽ കൈകൂപ്പി കരഞ്ഞുകൊണ്ട് രോഷാകുലയായി സംസാരിക്കുകയായിരുന്നു. അനാവശ്യമായ മാധ്യമശ്രദ്ധ വ്യക്തിപരമായ ദുഃഖത്തിൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ടാണ് അവരെ പ്രകോപിപ്പിച്ചത്.
“നിങ്ങൾക്ക് ടിആർപി ആണ് വേണ്ടതെങ്കിൽ ഞങ്ങൾ അഭിനയിക്കാം” “സിനിമയാണ് ഞങ്ങളുടെ ജീവിതം. പക്ഷേ ഞങ്ങളുടെ വ്യക്തിജീവിതം വ്യത്യസ്തമാണ്. നിങ്ങൾക്ക് ടിആർപി (TRP) ആണ് വേണ്ടതെങ്കിൽ, ഞങ്ങൾ നിങ്ങൾക്കായി സിനിമയിൽ അഭിനയിച്ചു തരാം. ദയവായി ഈയൊരു സാഹചര്യത്തിലെങ്കിലും ഞങ്ങൾക്ക് കുറച്ച് സ്വകാര്യത തരൂ,” എന്ന് രാധിക കണ്ണീരോടെ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
രാധികയുടെ വൈകാരികമായ പ്രതികരണത്തിന് പിന്നാലെ മാധ്യമപ്രവർത്തകർ ആംബുലൻസിന് മുന്നിൽ നിന്നും മാറിനിൽക്കുകയും തുടർന്ന് ഭൗതികശരീരം വീട്ടിലേക്ക് മാറ്റുകയും ചെയ്തു. രാധികയുടെ ഈ പ്രതികരണത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചർച്ചയാവുകയും ചെയ്യുന്നുണ്ട്.
https://www.instagram.com/reel/DaFcoShoSDo/?utm_source=ig_web_copy_link&igsh=NTc4MTIwNjQ2YQ==

