ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ ചരിത്രത്തിൽ പുതിയ കുതിച്ചുചാട്ടവുമായി രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഇന്ന് സർവീസ് ആരംഭിക്കും. ഹരിയാനയിലെ ജിന്ദ് – സോനിപ്പത്ത് റൂട്ടിലുള്ള 89 കിലോമീറ്റർ ദൂരത്തിൽ ഓടുന്ന പാസഞ്ചർ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും.
‘നമോ ഗ്രീൻ റെയിൽ’ എന്ന് പേരിട്ടിരിക്കുന്ന ഈ അത്യാധുനിക ട്രെയിൻ പൂർണമായും ഇന്ത്യയിൽ തന്നെ രൂപകൽപന ചെയ്ത് വികസിപ്പിച്ചെടുത്തതാണ്. ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ ബ്രോഡ്ഗേജ് ഹൈഡ്രജൻ ട്രെയിൻ എന്ന റെക്കോർഡോടെയാണ് ‘നമോ ഗ്രീൻ റെയിൽ’ ട്രാക്കിലിറങ്ങുന്നത്.
ഇതോടെ ജർമനി, ജപ്പാൻ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങൾക്ക് ശേഷം ഹൈഡ്രജൻ റെയിൽ സാങ്കേതികവിദ്യ വിജയകരമായി ഉപയോഗിക്കുന്ന രാജ്യങ്ങളുടെ നിരയിലേക്ക് ഇന്ത്യയും എത്തിച്ചേർന്നു.
കേരളത്തിനും ഈ നേട്ടത്തിൽ അഭിമാനിക്കാം, കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്ലൂയിട്രോൺ എന്ന കമ്പനിയാണ് ട്രെയിനിനാവശ്യമായ ഹൈഡ്രജൻ റീ ഫ്യൂവലിങ് സ്റ്റേഷൻ തയാറാക്കിയത്.
മണിക്കൂറിൽ 120 കിലോമീറ്റർ വേഗം കൈവരിക്കാൻ ശേഷിയുണ്ടെങ്കിലും ആദ്യഘട്ടത്തിൽ 75 കിലോമീറ്റർ വേഗത്തിലായിരിക്കും ട്രെയിൻ സർവീസ് നടത്തുക.300 കിലോഗ്രാം ഹൈഡ്രജൻ ഉപയോഗിച്ച് 356 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഈ പരിസ്ഥിതി സൗഹൃദ ട്രെയിനിന് സാധിക്കും.

