ടെഹ്റാൻ: ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ അതിശക്തമായ ബാലിസ്റ്റിക് മിസൈൽ – ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഒരു സൈനികനെ കാണാതാവുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ജൂലൈ 17 വെള്ളിയാഴ്ചയാണ് ജോർദാനിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാന്റെ വ്യോമാക്രമണമുണ്ടായത്. പങ്കാളിത്ത രാജ്യങ്ങളുടെ സൈന്യവുമായി ചേർന്ന് ഇറാന്റെ മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കുന്നതിനിടയിലാണ് രണ്ട് യുഎസ് സൈനികർ വീരമൃത്യു വരിച്ചതെന്ന് പെന്റഗൺ അറിയിച്ചു. പരുക്കേറ്റ നാല് സൈനികരെ ജോർദാനിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഇവരെ ഡിസ്ചാർജ് ചെയ്തു.
നിലവിലെ യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെട്ട ആകെ യുഎസ് സൈനികരുടെ എണ്ണം ഇതോടെ 16 ആയി ഉയർന്നു. സംഘർഷങ്ങളിൽ ഇതുവരെ 430 ലധികം സൈനികർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

