‘ബിഗ്ഗെസ്റ്റ് ജോക്കർ’; ധ്യാൻ ശ്രീനിവാസനെതിരെ ടിവികെ കേരള കമ്മിറ്റി, നടന് പിന്തുണയുമായി ആരാധകർ

19 July 2026
‘ബിഗ്ഗെസ്റ്റ് ജോക്കർ’; ധ്യാൻ ശ്രീനിവാസനെതിരെ ടിവികെ കേരള കമ്മിറ്റി, നടന് പിന്തുണയുമായി ആരാധകർ

കൊച്ചി: നടൻ ധ്യാൻ ശ്രീനിവാസൻ അടുത്തിടെ നടത്തിയ ‘സിഎം’ പരാമർശത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ പുതിയ തലത്തിലേക്ക്. വിഷയത്തിൽ ധ്യാനിനെതിരെ രൂക്ഷവിമർശനവുമായി വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) കേരള സ്റ്റേറ്റ് കമ്മിറ്റി രംഗത്തെത്തി.

‘വിസിറ്റർ’ എന്ന പുതിയ സിനിമയുടെ പ്രമോഷനിടെ ധ്യാൻ നടത്തിയ തമാശയാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ നടി തൃഷ പങ്കെടുത്തത് വലിയ വാർത്തയായിരുന്നു. ഇതിനെ പരാമർശിച്ച്, താൻ എന്നെങ്കിലും മുഖ്യമന്ത്രിയായാൽ സാരിയുടുത്ത് നവ്യ നായർ മുന്നിലുണ്ടാകണം എന്ന് ധ്യാൻ തമാശയായി പറഞ്ഞിരുന്നു.

ടിവികെയ്ക്കെതിരെ വിജയ് ആരാധകർ ധ്യാനിനെ ‘ജോക്കർ’ എന്ന് വിളിച്ച് അധിക്ഷേപിച്ച ടിവികെ കേരള കമ്മിറ്റിയുടെ നിലപാടിനോട് കേരളത്തിലെ വിജയ് ആരാധകർക്ക് യോജിപ്പില്ലെന്നാണ് കമന്റുകൾ വ്യക്തമാക്കുന്നത്.

“ടിവികെ കേരളയ്ക്ക് ഇവിടെ ഒരു വിലയുണ്ടായിരുന്നു, അതിപ്പോൾ കളഞ്ഞു കുളിച്ചു” എന്നും, പേജ് അൺഫോളോ ചെയ്യുന്നുവെന്നും നിരവധി പേർ കുറിച്ചു. ധ്യാനിനെ തൊടാൻ വരേണ്ടെന്നും, അദ്ദേഹത്തിന്റെ തമാശകളെ ആ രീതിയിൽ മാത്രമേ കാണാൻ കഴിയൂ എന്നും വ്യക്തമാക്കിക്കൊണ്ട് വലിയൊരു വിഭാഗം സിനിമാപ്രേമികളും നടന് പിന്തുണയുമായി രംഗത്തുണ്ട്.