പദ്ധതി കാലതാമസവും സാമ്പത്തിക നഷ്ടവും ഒഴിവാക്കാൻ 5 സുപ്രധാന പരിഷ്കാരങ്ങളുമായി സർക്കാർ

29 July 2026
പദ്ധതി കാലതാമസവും സാമ്പത്തിക നഷ്ടവും ഒഴിവാക്കാൻ 5 സുപ്രധാന പരിഷ്കാരങ്ങളുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണരംഗത്തും പദ്ധതി നടത്തിപ്പിലും കാര്യക്ഷമത വർധിപ്പിക്കുന്നതിനായി അഞ്ച് പ്രധാന പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് സർക്കാർ. പദ്ധതികളുടെ കാലതാമസവും ഖജനാവിനുണ്ടാകുന്ന സാമ്പത്തിക നഷ്ടവും ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.

പൊതുഭരണ വകുപ്പിന്റെ നേതൃത്വത്തിലാണ് ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്.

സ്പെഷ്യൽ അസറ്റ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം: സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ സ്വത്തുവകകളുടെയും വിവരങ്ങൾ ഒറ്റ ഡിജിറ്റൽ പോർട്ടലിൽ ലഭ്യമാക്കും. ഭൂമി, കെട്ടിടങ്ങൾ, പൈതൃക നിർമ്മിതികൾ, റോഡുകൾ, അണക്കെട്ടുകൾ, പാലങ്ങൾ, വാഹനങ്ങൾ, യന്ത്രസാമഗ്രികൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്തും.

പ്ലാൻ സ്‌പേസ് 2.0 (പ്രൊജക്ട് രജിസ്റ്റർ): വിവിധ വകുപ്പുകൾ അനുമതി നൽകുന്ന എല്ലാ മൂലധന പദ്ധതികളും ജിയോ ടാഗ് ചെയ്യും. ഇതിനായി GIS അധിഷ്ഠിത പ്രൊജക്ട് രജിസ്റ്റർ മൊഡ്യൂൾ ഉൾപ്പെടുത്തി ‘പ്ലാൻ സ്‌പേസ് 2’ വിപുലീകരിക്കും. പദ്ധതിയുടെ സ്ഥലം, ഏജൻസികൾ, അനുമതി നൽകുന്ന അധികാരികൾ, ഫണ്ട് സ്രോതസ്സ്, നിർമ്മാണ ഘട്ടങ്ങൾ എന്നിവ സുതാര്യമായി ഇതിൽ കാണാം.

സമഗ്ര അസറ്റ് രജിസ്ട്രി & സ്ഥാപനങ്ങളുടെ പുനഃസംഘടന: സർക്കാരിന് കീഴിലുള്ള 591 സ്ഥാപനങ്ങളുടെ പ്രവർത്തനം സമഗ്രമായി വിലയിരുത്തും. ലക്‌ഷ്യം കൈവരിച്ചശേഷവും പ്രവർത്തിക്കുന്നവയും ഒരേ സ്വഭാവമുള്ളതുമായ സ്ഥാപനങ്ങളെ പുനഃസംഘടിപ്പിക്കുകയോ സംയോജിപ്പിക്കുകയോ ചെയ്യും. നിലവിൽ ₹19,000 കോടിയോളമാണ് ഇവയുടെ ശമ്പളച്ചെലവ്.

കാലഹരണപ്പെട്ട നിയമങ്ങളുടെ ഭേദഗതി: കാലഹരണപ്പെട്ടതും പരസ്പരവിരുദ്ധവുമായ അനാവശ്യ നിയമങ്ങൾ അവലോകനം ചെയ്ത് ഭേദഗതി വരുത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും.

ഈസ് ഓഫ് ഡൂയിങ് ബിസിനസ് സംവിധാനം: സംരംഭകർക്ക് സർക്കാരുമായുള്ള ഇടപാടുകൾ ലളിതമാക്കുന്നതിന് സംസ്ഥാനതല ‘പ്രോസസ്സ് റീ-എൻജിനീയറിങ്’ നടപ്പിലാക്കും. ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നിയമങ്ങളും ചട്ടങ്ങളും ആധുനികവത്കരിക്കും.