കൊച്ചി: താര സംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങൾക്കിടെ, ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടി ശ്വേതാ മേനോൻ നടത്തിയ പ്രസ്താവനകളിൽ പ്രതികരണവുമായി സംവിധായകൻ വിനയൻ.
സംഘടനയ്ക്കുള്ളിലെ ‘പവർ ഗ്രൂപ്പി’നെതിരെ ശക്തമായി നിലകൊള്ളാൻ ശ്വേത തയ്യാറാകുമോ എന്ന് വിനയൻ ചോദിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുനരാരംഭിക്കാൻ സർക്കാരിനോട് ആവശ്യപ്പെടാൻ ശ്വേത തയ്യാറാവുമോ എന്നാണ് അദ്ദേഹത്തിന്റെ പ്രധാന ചോദ്യം.
ഇതുവരെ ‘അമ്മ’യുടെ ഭാഗത്തുനിന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പിന്തുണയ്ക്കുന്ന നിലപാടുണ്ടായിട്ടില്ലെന്നും, റിപ്പോർട്ടിലെ തുടർനടപടികൾ സംഘടനയിലെ പ്രമുഖർ തന്നെ ഇടപെട്ട് തടയുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
തനിക്കും അന്തരിച്ച നടൻ തിലകനും നേരിടേണ്ടി വന്ന വിലക്കുകൾക്ക് പിന്നിൽ ഈ പവർ ഗ്രൂപ്പാണെന്നും, ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ 141 മുതൽ 144 വരെയുള്ള പേജുകളിൽ ഇക്കാര്യം വ്യക്തമായി പരാമർശിച്ചിട്ടുണ്ടെന്നും വിനയൻ കൂട്ടിച്ചേർത്തു.
നേരത്തെ, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്ന പവർ ഗ്രൂപ്പിനെതിരെ പോരാടുമെന്ന് വ്യക്തമാക്കി ശ്വേതാ മേനോൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
താൻ ഉള്ളിടത്തോളം കാലം ആരോപണവിധേയരായവർ സംഘടനയുടെ നേതൃത്വത്തിലേക്ക് വരില്ലെന്നും, അത് ഉറപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്നുമായിരുന്നു ശ്വേതയുടെ നിലപാട്.
സംഘടനയിലെ ചിലരെ മുൻനിർത്തി കുറ്റാരോപിതർ തന്നെ വ്യക്തിപരമായി അപമാനിക്കാൻ ശ്രമിക്കുകയാണെന്നും,
മാധ്യമശ്രദ്ധയ്ക്കോ വ്യക്തിപരമായ നേട്ടങ്ങൾക്കോ വേണ്ടിയല്ല ഇരകൾക്കൊപ്പം നിൽക്കുന്നതെന്നും ശ്വേത വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് വിനയൻ രംഗത്തെത്തിയത്.

