ദില്ലി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരെ പൊലീസ് ലക്ഷ്യം വെച്ച് വേട്ടയാടുകയാണെന്ന ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). സമരക്കാരുമായി നടത്തിയ ചർച്ചയിൽ നൽകിയ ഉറപ്പുകളും വ്യവസ്ഥകളും ലംഘിച്ചാണ് സർക്കാർ ഇപ്പോൾ നടപടികളുമായി മുന്നോട്ട് പോകുന്നതെന്ന് കപിൽ സിബലിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ സിജെപി പ്രതിനിധികൾ ആരോപിച്ചു.
സമരം അവസാനിച്ചാൽ ഓരോ പ്രതിഷേധക്കാരെയായി സർക്കാർ ലക്ഷ്യമിടുമോ എന്ന ആശങ്ക തുടക്കത്തിലേ ഉണ്ടായിരുന്നുവെന്ന് നേതാക്കൾ പറഞ്ഞു. സമരക്കാരുമായി ഉണ്ടാക്കിയ ധാരണകൾ ലംഘിച്ച് മുന്നോട്ട് പോകുകയാണെങ്കിൽ രാജ്യമൊട്ടാകെ വീണ്ടും ശക്തമായ പ്രതിഷേധ സമരം ആരംഭിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
സമരത്തിൽ പങ്കെടുത്തവർക്കെതിരെ എടുത്ത കേസ് റദ്ദാക്കാമെന്ന വ്യവസ്ഥയടക്കം സർക്കാർ ലംഘിക്കുകയാണെന്ന് സിജെപി ചൂണ്ടിക്കാട്ടി. രാജ്യത്തെവിടെയും സമരം ചെയ്ത വ്യക്തികൾക്ക് നേരെയുണ്ടാകുന്ന പൊലീസ് അതിക്രമങ്ങൾ, അതിക്രമത്തിനിരയായവർക്ക് ആവശ്യമായ സഹായങ്ങൾ, പരാതികൾ എന്നിവ പങ്കുവെക്കാൻ ‘സാക്ഷി’ എന്ന പേരിൽ പുതിയ വെബ്സൈറ്റിന് തുടക്കമിട്ടതായും സിജെപി അറിയിച്ചു.
ഈ വെബ്സൈറ്റിലൂടെ സമരത്തിൽ പങ്കെടുത്തവർക്ക് നേരിടേണ്ടി വന്ന പൊലീസ് ക്രൂരതകളുടെ ചിത്രങ്ങളും വീഡിയോകളും ടെക്സ്റ്റ് വിവരങ്ങളും നേരിട്ട് അപ്ലോഡ് ചെയ്യാനാകും. പൊലീസ് അതിക്രമത്തിനിരയായ ഓരോ സമരക്കാരനും ആവശ്യമായ എല്ലാ നിയമ-സാമൂഹിക സഹായങ്ങളും സിജെപി ഉറപ്പുനൽകുമെന്നും വാർത്താ സമ്മേളനത്തിൽ പ്രതിനിധികൾ വ്യക്തമാക്കി.

