പിണറായി സർക്കാരിൽ പാർട്ടിക്ക് നിയന്ത്രണമുണ്ടായില്ല; വിമർശനവുമായി സി.പി.എം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്

28 July 2026
പിണറായി സർക്കാരിൽ പാർട്ടിക്ക് നിയന്ത്രണമുണ്ടായില്ല; വിമർശനവുമായി സി.പി.എം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്

ന്യൂഡൽഹി: മുൻ പിണറായി വിജയൻ സർക്കാരിന്റെ ഭരണകാലത്ത് പാർട്ടിക്ക് സർക്കാരിനുമേൽ കാര്യമായ നിയന്ത്രണമോ ഏകോപനമോ ഉണ്ടായിരുന്നില്ലെന്ന കടുത്ത സ്വയംവിമർശനവുമായി സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്.

റിപ്പോർട്ട് പാർട്ടി ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഉയർന്നുവന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ വിഷയം ചർച്ച ചെയ്യുന്നതിനായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് യോഗം ചേരും.

തിരഞ്ഞെടുപ്പ് തിരിച്ചടിയെക്കുറിച്ചുള്ള വിലയിരുത്തലിൽ, മുൻകാലങ്ങളിൽ സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനത്തിനായി പ്രവർത്തിച്ചിരുന്ന സബ് കമ്മിറ്റികളും ക്യാബിനറ്റ് ഫ്രാക്ഷനുകളും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സജീവമായിരുന്നില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഒരാളിൽ മാത്രം അധികാരം കേന്ദ്രീകരിക്കുന്നു എന്ന തെറ്റായ പ്രതീതി എതിരാളികൾക്ക് പ്രചാരണായുധമാക്കാനും വ്യക്തിപരമായ ആക്രമണങ്ങൾ അഴിച്ചുവിടാനും അവസരമൊരുക്കി.നേതാക്കളുടെ വാർത്താസമ്മേളനങ്ങളിലെ പരാമർശങ്ങളിൽ ജാഗ്രതക്കുറവുണ്ടായി. ആഗോള അയ്യപ്പ സംഗമത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചത് ഗുരുതര വീഴ്ചയാണെന്നും, ഇത് വർഗീയശക്തികളോട് മൃദുസമീപനമാണെന്ന തെറ്റായ ധാരണ സൃഷ്ടിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

വെള്ളാപ്പള്ളി നടേശനെ ഉചിതമായ രീതിയിൽ തള്ളിപ്പറയാൻ സാധിച്ചില്ല. PM SHRI പദ്ധതി നടപ്പാക്കുന്നതിൽ മുന്നണിയിലെ ഘടകകക്ഷികളെ കൃത്യമായി വിശ്വാസത്തിലെടുത്തില്ല. ജനങ്ങൾക്കിടയിൽ പ്രകടമായ ഭരണവിരുദ്ധ വികാരം കൃത്യമായി മനസ്സിലാക്കുന്നതിൽ വീഴ്ച പറ്റി.

ജനവികാരം മനസ്സിലാക്കുന്നതിൽ വന്ന പോരായ്മകളും പാർട്ടി തലത്തിലെ ആത്മപരിശോധനയുടെ ആവശ്യകതയും വ്യക്തമാക്കുന്നതാണ് കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്.