ഡൽഹി: കേന്ദ്ര സര്‍ക്കാരിനും ആർഎസ്എസിനുമെതിരെ പാർലമെന്റിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
രാജ്യത്തിന്റെ ഭാവിയിൽ ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയ രാഹുൽ, ജന്ദർ മന്ദറിലെ വിദ്യാർത്ഥി പ്രതിഷേധം നിലവിലെ വ്യവസ്ഥയോടുള്ള യുവാക്കളുടെ വികാരമാണെന്നും തെരുവിലിറങ്ങിയ അവരുടെ ശക്തിയെ എല്ലാ രാഷ്ട്രീയ പാർട്ടികളും ബഹുമാനിക്കണമെന്നും ആവശ്യപ്പെട്ടു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിലെത്താൻ ഭയപ്പെടുകയാണെന്ന് ആരോപിച്ച അദ്ദേഹം, ഇന്ത്യൻ വിദ്യാഭ്യാസ മേഖലയുടെ ആത്മാവിനെ ആർഎസ്എസ് കവരുകയാണെന്നും സർവകലാശാല തലപ്പത്ത് തങ്ങളുടെ ആളുകളെ പ്രതിഷ്ഠിച്ച് പരീക്ഷകൾ അട്ടിമറിക്കുകയും സ്വകാര്യവൽക്കരിക്കുകയും ചെയ്യുകയാണെന്നും കുറ്റപ്പെടുത്തി.
പ്രതിഷേധത്തിനിടെ കണ്ടുമുട്ടിയ ഒരു പെൺകുട്ടി, വിദ്യാർത്ഥികളെ ബഹുമാനിക്കാത്തവരെ ‘ഇഡിയറ്റ്’ എന്ന് വിശേഷിപ്പിച്ചതായി രാഹുൽ സഭയിൽ പങ്കുവെച്ചതോടെ ഭരണപക്ഷം കടുത്ത ബഹളം വച്ചെങ്കിലും, താൻ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും ഒരു കുട്ടിയുടെ വികാരം വെളിപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും രാഹുൽ വിശദീകരിച്ചു.

