ന്യൂഡൽഹി: പാക് അധീന കശ്മീരിൽ സമാധാനപരമായി പ്രതിഷേധിക്കുന്ന സാധാരണക്കാർക്ക് നേരെ പാകിസ്താൻ നടത്തുന്ന ക്രൂരമായ അതിക്രമങ്ങളിൽ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പാക് സൈന്യത്തിന്റെ അടിച്ചമർത്തലിൽ ഇതുവരെ നാൽപ്പതിലധികം ആളുകൾ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.
രാഷ്ട്രീയ-സാമ്പത്തിക പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ട് ജോയിന്റ് ആവാമി ആക്ഷൻ കമ്മിറ്റിയുടെ (JAAC) നേതൃത്വത്തിൽ ജൂൺ 9 മുതൽ പാക് അധീന കശ്മീരിൽ നടക്കുന്ന പ്രതിഷേധ മാർച്ചിന് നേരെ പാക് സുരക്ഷാ സേന വെടിയുതിർത്തതായാണ് റിപ്പോർട്ടുകൾ. പ്രക്ഷോഭം അടിച്ചമർത്തുന്നതിന്റെ ഭാഗമായി മേഖലയിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുകയും മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സമാധാനപരമായി പ്രതിഷേധിക്കുന്ന ജനങ്ങളെ ‘ശത്രുക്കൾ’ എന്ന് പാക് പ്രതിരോധ മന്ത്രി വിശേഷിപ്പിച്ചത് ഭരണകൂടത്തിന്റെ അവജ്ഞയാണ് വെളിവാക്കുന്നതെന്ന് ഇന്ത്യ വിമർശിച്ചു. പാക് അധീന കശ്മീരിലെ നിയമവിരുദ്ധമായ കൊലപാതകങ്ങളെക്കുറിച്ചും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും അന്താരാഷ്ട്ര സംഘടനകൾ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും പാകിസ്താനെ ഇതിന് ഉത്തരവാദികളാക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

