ദില്ലിയിൽ 16കാരിയെ സ്ലീപ്പർ ബസിൽ കൂട്ടബലാത്സംഗത്തിനിരയാക്കി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

31 August 2026
ദില്ലിയിൽ 16കാരിയെ സ്ലീപ്പർ ബസിൽ കൂട്ടബലാത്സംഗത്തിനിരയാക്കി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

ദില്ലി: രാജ്യതലസ്ഥാനത്ത് 16 വയസ്സുള്ള പ്ലസ് വൺ വിദ്യാർഥിനിയെ സ്ലീപ്പർ ബസിനുള്ളിൽ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് ബസിലെ ഡ്രൈവർ കുൽദീപ്, കണ്ടക്ടർ സന്ദീപ് എന്നിവരെ ദില്ലി പോലീസ് തിമാപൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച സ്വകാര്യ സ്ലീപ്പർ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. ഈ മാസം നാലിനായിരുന്നു നടുക്കുന്ന സംഭവം നടന്നത്.

ഉത്തർപ്രദേശിലെ മൈൻപുരി സ്വദേശിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ കനത്ത മഴയെത്തുടർന്ന് വഴിതെറ്റിയ പെൺകുട്ടി ഗ്രേറ്റർ നോയിഡയിലെ ‘പാരി ചൗക്കിൽ’ എത്തിപ്പെടുകയായിരുന്നു. തുടർന്ന് യാത്രയ്ക്കായി സഹായം തേടി റോഡിൽ നിർത്തിയിട്ടിരുന്ന ഒഴിഞ്ഞ സ്വകാര്യ സ്ലീപ്പർ ബസിൽ കയറിയ പെൺകുട്ടിയെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.

പീഡനത്തിനു ശേഷം പെൺകുട്ടിയെ സംഭവിച്ച സ്ഥലത്തുനിന്ന് ഏകദേശം 47 കിലോമീറ്റർ അകലെയുള്ള ദില്ലി കാശ്മീരി ഗേറ്റ് ബസ് ടെർമിനലിന് സമീപം ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. തുടർന്ന് പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാശ്മീരി ഗേറ്റ് പോലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.