സൗജന്യ ഗ്യാസ് സിലിണ്ടർ, ബസ് യാത്ര വിപുലീകരണം; വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ

24 August 2026
സൗജന്യ ഗ്യാസ് സിലിണ്ടർ, ബസ് യാത്ര വിപുലീകരണം; വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ

ചെന്നൈ: തമിഴ്നാട്ടിൽ ജനക്ഷേമ മുൻഗണനകൾ വ്യക്തമാക്കി തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിന്റെ പ്രഖ്യാപനങ്ങൾ. പ്രതിവർഷം മൂന്ന് സൗജന്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾ, സ്ത്രീകളുടെ സൗജന്യ ബസ് യാത്രാ പദ്ധതിയായ ‘വെട്രി പയണം’ വിപുലീകരിക്കൽ, പരന്തൂർ വിമാനത്താവള പദ്ധതി റദ്ദാക്കൽ തുടങ്ങിയ നിർണായക തീരുമാനങ്ങളാണ് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഖ്യാപിച്ചത്.

വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങൾക്ക് പ്രതിവർഷം 3 ഗ്യാസ് സിലിണ്ടറുകൾ സൗജന്യമായി നൽകും. പദ്ധതി വരുന്ന പൊങ്കൽ ദിനം മുതൽ നിലവിൽ വരും.

സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രാ പദ്ധതി എക്സ്പ്രസ്, ഡീലക്സ് ബസുകളിലേയ്ക്ക് കൂടി വ്യാപിപ്പിച്ചു. ആദ്യഘട്ടത്തിൽ നഗരപ്രദേശങ്ങളിലാണ് ഈ ആനുകൂല്യം ലഭ്യമാകുക.

കർഷകരുടെ ശക്തമായ പ്രതിഷേധം കണക്കിലെടുത്താണ് പരന്തൂരിലെ വിമാനത്താവള പദ്ധതി റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചത്. തങ്ങളുടെ സർക്കാർ കർഷകർക്കൊപ്പമാണെന്ന് മുഖ്യമന്ത്രി വിജയ് സഭയിൽ വ്യക്തമാക്കി.