ന്യൂഡൽഹി/തിരുവനന്തപുരം: നേപ്പാളിലുണ്ടായ വിനാശകരമായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു. ആയിരത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു.
പ്രളയത്തിൽ കുടുങ്ങിയ 320 ഇന്ത്യക്കാരെ കുറിച്ച് ഇതുവരെ ഒരു വിവരവുമില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതിനുപുറമെ, നൂറോളം ഇന്ത്യൻ വംശജരെയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
പ്രളയബാധിത പ്രദേശങ്ങളിൽ കുടുങ്ങിയ എട്ട് മലയാളികളെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും ഇവരുടെ വിവരങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയതായും നോർക്ക (NORKA) അധികൃതർ അറിയിച്ചു.
നേപ്പാളിൽ കുടുങ്ങിയതായി സംശയിക്കുന്ന 82 പേരെക്കുറിച്ചുള്ള അന്വേഷണങ്ങളാണ് നോർക്ക ഹെൽപ്പ് ഡെസ്കിൽ ലഭിച്ചത്. ഇതിൽ 60 മലയാളികൾ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചു. വിവരങ്ങൾ ലഭിച്ചവരിൽ 14 പേർ ഇതര സംസ്ഥാനക്കാരായിരുന്നു. ഇവരുടെ വിവരങ്ങൾ അതത് സംസ്ഥാന സർക്കാരുകൾക്ക് കൈമാറി.
ഓസ്‌ട്രേലിയൻ മലയാളികളായ നാലുപേർ ഉൾപ്പെടെ ആകെ എട്ട് മലയാളികളെയാണ് ഇനി കണ്ടെത്താനുള്ളത്.
ത്രിശൂലി വൺ ജലവൈദ്യുത പദ്ധതി പ്രദേശത്ത് ജോലി ചെയ്തിരുന്ന 63 ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. മിന്നൽപ്രളയമുണ്ടായ ചൈനീസ് അതിർത്തി ഭാഗത്തുള്ള 400 ഇന്ത്യൻ പൗരന്മാർ പൂർണ്ണ സുരക്ഷിതരാണെന്നും ഇവർ കുടുംബങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

