തൃശൂരിൽ മിന്നൽച്ചുഴലി ഭീതി; വൻമരങ്ങൾ കടപുഴകി, വിദ്യാലയത്തിന് നാശനഷ്ടം; കുട്ടികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി

9 June 2026
തൃശൂരിൽ മിന്നൽച്ചുഴലി ഭീതി; വൻമരങ്ങൾ കടപുഴകി, വിദ്യാലയത്തിന് നാശനഷ്ടം; കുട്ടികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി

തൃശൂർ: ജില്ലയിലെ വില്ലടം, നടത്തറ, പൂച്ചട്ടി മേഖലകളിൽ രാവിലെയുണ്ടായ ശക്തമായ മിന്നൽച്ചുഴലിയിൽ വ്യാപക നാശനഷ്ടം.

പൂച്ചെട്ടി ഭാരതീയ വിദ്യാഭവൻ സ്കൂൾ പരിസരത്ത് വൻ തേക്കുമരങ്ങൾ കടപുഴകി വീണെങ്കിലും വിദ്യാർത്ഥികൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ എട്ടേമുക്കാലോടെയാണ് പ്രദേശത്തെ നടുക്കിയ മിന്നൽച്ചുഴലി വീശിയടിച്ചത്.

മരങ്ങൾ മുകളിൽ വീണ് സ്കൂൾ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകളും ഒരു കാറും പൂർണ്ണമായും തകർന്നു. വിദ്യാലയത്തിന്റെ എൽ.കെ.ജി വിഭാഗത്തിന്റെ മേൽക്കൂര കാറ്റിൽ പൂർണ്ണമായി ഇളകിമാറിയിട്ടുണ്ട്. എന്നാൽ വാഹനങ്ങളിൽ ഈ സമയം ആളില്ലാതിരുന്നതും കുട്ടികളെ മാറ്റിയതും വലിയ ആശ്വാസമായി.

വലിയ മരങ്ങൾ ഒടിഞ്ഞ് റോഡിലേക്ക് വീണതിനെ തുടർന്ന് പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ മരങ്ങൾ മുറിച്ചുമാറ്റിയാണ് ഗതാഗതം പൂർണ്ണസ്ഥിതിയിലാക്കിയത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.