കൊച്ചി: ജയിൽ മേധാവി എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ സർക്കാർ നടപടിയിൽ കടുത്ത വിമർശനവുമായി കേരള ഹൈക്കോടതി. ആരോപണം നേരിടുന്ന ഒരാൾക്ക് സ്ഥാനക്കയറ്റം നൽകാൻ എന്താണ് ഇത്ര തിടുക്കമെന്ന് കോടതി ചോദിച്ചു.
മുൻകൂട്ടി അനുമതി വാങ്ങാതെ വിദേശയാത്ര നടത്തിയെന്ന ആരോപണങ്ങൾ എസ്. ശ്രീജിത്തിനെതിരെ നിലനിൽക്കുന്നുണ്ട്. ഈ പരാതിയിൽ അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിക്കൊണ്ട് ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ വിവാദങ്ങൾക്കും നിയമക്കുരുക്കുകൾക്കുമിടയിലാണ് ആഭ്യന്തര വകുപ്പ് അദ്ദേഹത്തിന് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകിക്കൊണ്ട് ഉത്തരവിറക്കിയത്.
ഡിജിപിയായി നിയമിക്കുമ്പോൾ നിർബന്ധമായും ഉറപ്പാക്കേണ്ട വിജിലൻസ് ക്ലിയറൻസ് ഈ സ്ഥാനക്കയറ്റത്തിൽ സർക്കാർ പാലിച്ചിട്ടില്ല.ഹർജി പരിഗണനയിലിരിക്കെ സർക്കാർ തിടുക്കത്തിൽ തീരുമാനമെടുത്തതിലുമുള്ള കടുത്ത അതൃപ്തി കോടതി രേഖപ്പെടുത്തി.

