കാലവർഷക്കെടുതി: മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ ധനസഹായം

5 August 2026
കാലവർഷക്കെടുതി: മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ നടപടികൾ ശക്തമാക്കി സംസ്ഥാന സർക്കാർ. മഴക്കെടുതിയിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീടുകളിൽ വെള്ളം കയറി ദുരിതത്തിലായ എല്ലാ കുടുംബങ്ങൾക്കും 10,000 രൂപ വീതവും, മരണപ്പെട്ടവരുടെ സംസ്കാര ചടങ്ങുകൾക്കായി 10,000 രൂപ വീതവും അനുവദിക്കും. കൂടാതെ, 2024-ൽ തൃശൂർ ജില്ലയിൽ കാലവർഷക്കെടുതിയിൽ ഇനി വിതരണം ചെയ്യാനുണ്ടായിരുന്ന കുടിശ്ശിക ധനസഹായവും സർക്കാർ പൂർണ്ണമായി അനുവദിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇതുവരെ പെയ്ത കനത്ത മഴയിലും മറ്റ് അപകടങ്ങളിലുമായി 26 പേർ മരണപ്പെട്ടു. 11 പേർക്ക് പരിക്കേൽക്കുകയും 4 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായി നിലവിൽ സംസ്ഥാനത്തൊട്ടാകെ 462 ക്യാമ്പുകൾ പ്രവർത്തിച്ചുവരുന്നു. വരും ദിവസങ്ങളിലും ജാഗ്രത തുടരണം. ഓഗസ്റ്റ് എട്ടാം തീയതി വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

ഡാമുകളിലെ വെള്ളത്തിന്റെ അളവും ഒഴുക്കും കൃത്യമായി നിയന്ത്രിക്കുന്നതിന് അത്യാധുനിക എഐ (AI Driven) സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സിസ്റ്റം നടപ്പിലാക്കും. പ്രളയസാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തുന്നതിനായി ഫ്ലഡ് മാപ്പിംഗ് നടത്തും. ഡാമുകളിൽ അടിഞ്ഞുകൂടിയ മണലും നദികളിലെ മണ്ണും മാലിന്യങ്ങളും അടിയന്തരമായി നീക്കം ചെയ്യാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി.ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ പ്രഗത്ഭരായ വിദഗ്ധരുടെ ഒരു വലിയ നിരയെത്തന്നെ നിയോഗിക്കും.സാഹചര്യം വിലയിരുത്തി ആവശ്യമായ എല്ലാ മുൻകരുതലുകളും സഹായങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.