കൊളംബിയയിൽ വൻ ഭൂചലനം: മരണസംഖ്യ 111 ആയി

11 August 2026
കൊളംബിയയിൽ വൻ ഭൂചലനം: മരണസംഖ്യ 111 ആയി

ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 111 ആയി ഉയർന്നു. 87-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. തകർന്നുവീണ കെട്ടിടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഇന്ത്യൻ സമയം തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പടിഞ്ഞാറൻ കൊളംബിയയിലെ ‘സാൻ ഹോസെ ദെൽ പാൽമാർ’ മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂചലനത്തിന്റെ ഉറവിടം ചോക്കോ പ്രവിശ്യയിൽ ഭൂനിരപ്പിൽ നിന്ന് 103 കിലോമീറ്റർ ആഴത്തിലായിരുന്നു.

ഭൂചലനത്തിന്റെ ആഘാതത്തിൽ മേഖലയിലെ നിരവധി കെട്ടിടങ്ങൾ പൂർണമായും നിലംപൊത്തിയിട്ടുണ്ട്. തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ പെട്ടുപോയവരെ കണ്ടെത്താൻ രക്ഷാസേനയുടെ നേതൃത്വത്തിൽ തിരച്ചിൽ ശക്തമായി തുടരുകയാണ്.