തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്രമായ മാറ്റങ്ങൾക്ക് ഇന്ന് തുടക്കമാകുന്നു. സ്റ്റേഷനുകളുടെ ഭരണം ഇന്ന് മുതൽ സബ് ഇൻസ്പെക്ടർമാർ (SI) ഏറ്റെടുക്കും. മുൻഗണനയുള്ള വളരെ പ്രധാനപ്പെട്ട 64 പൊലീസ് സ്റ്റേഷനുകളിൽ മാത്രമായിരിക്കും ഇൻസ്പെക്ടർമാർ (Inspector) എസ്.എച്ച്.ഒ (SHO) മാരായി തുടരുക.
പൊലീസിനെ കൂടുതൽ ജനകീയമാക്കാൻ ലക്ഷ്യമിട്ടുള്ള ‘എന്റെ പൊലീസ് സ്റ്റേഷൻ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തലസ്ഥാനത്ത് നടക്കും.
കസ്റ്റഡി മർദ്ദനങ്ങളും അനധികൃത തടവുകളും പൂർണ്ണമായി ഒഴിവാക്കി ശാസ്ത്രീയമായ അന്വേഷണ രീതികൾ നടപ്പിലാക്കുന്നതിനാണ് മുൻഗണന നൽകുന്നത്. ഉയർന്ന ഉദ്യോഗസ്ഥരടക്കം പൊതുജനങ്ങളോട് മാന്യമായി പെരുമാറുന്നതിനായി പ്രത്യേക പരിശീലനം നൽകും. 20 വർഷം പിന്നിട്ട ജനമൈത്രി സുരക്ഷാ പദ്ധതി കൂടുതൽ ആധുനികവൽക്കരിക്കാനും തീരുമാനമായിട്ടുണ്ട്.
പൊതുജനങ്ങളിൽ നിന്ന് പ്രതിമാസ അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനായി ഡി.ഐ.ജിമാരുടെ (DIG) നേതൃത്വത്തിൽ സ്വതന്ത്ര സംവിധാനം നിലവിൽ വരും. പരാതികളുടെ എണ്ണം, എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്യൽ എന്നിവ ഡി.ജി.പിയുടെ (DGP) നേതൃത്വത്തിൽ ഡിജിറ്റലായി തത്സമയം നിരീക്ഷിക്കും.

