കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി ജഡ്ജിമാരുടെ മിന്നൽ സന്ദർശനം

16 August 2026
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി ജഡ്ജിമാരുടെ മിന്നൽ സന്ദർശനം

കോഴിക്കോട്: അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയും ജീവനക്കാരുടെ കുറവും സംബന്ധിച്ച് ഉയർന്ന പരാതികളെത്തുടർന്ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈക്കോടതി ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും ബസന്ത് ബാലാജിയും സന്ദർശനം നടത്തി. അമിക്കസ് ക്യൂറി രാംകുമാർ നമ്പ്യാർക്കൊപ്പമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് രാവിലെ 11:30-ഓടെ ആശുപത്രിയിലെത്തിയത്.

രോഗികളുടെയും ജീവനക്കാരുടെയും അവകാശ സംരക്ഷണം, ആശുപത്രിയുടെ ഭൗതിക സാഹചര്യം, ഡോക്ടർമാരുടേയും ജീവനക്കാരുടേയും കുറവ് എന്നിവ ജസ്റ്റിസുമാർ നേരിട്ട് വിലയിരുത്തി. സെല്ലുകളുടെ അപര്യാപ്തതയും ജീർണ്ണിച്ച ഉപകരണങ്ങളുടെ അവസ്ഥയും സംബന്ധിച്ച് ജീവനക്കാരോട് അവർ ചോദിച്ചറിഞ്ഞു. സന്ദർശനത്തിനുശേഷം ജില്ലാ കളക്ടർ, സിറ്റി പൊലീസ് കമ്മീഷണർ, ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ഡിവിഷൻ ബെഞ്ച് പ്രത്യേക ചർച്ച നടത്തി.

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്ന് കഴിഞ്ഞ ജൂലൈയിൽ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പേരൂർക്കട, തൃശൂർ, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ജസ്റ്റിസുമാർ നേരിട്ടെത്തി പരിശോധന നടത്തിയത്.