തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വ്യാജ വാഗ്ദാനങ്ങൾ നൽകി വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ ഓഫിസ് സംസ്ഥാന പോലീസ് മേധാവിക്കു പരാതി നൽകി.
ഇൻസ്റ്റഗ്രാം, യുട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി ഒട്ടേറെ അധ്യാപകരും എജ്യുക്കേഷണൽ ചാനലുകളും വിദ്യാർത്ഥികൾക്ക് ക്ലാസുകളും പഠനസഹായങ്ങളും നൽകിവരുന്നുണ്ട്. എന്നാൽ, ഇതിന്റെ മറവിൽ കൂടുതൽ കുട്ടികളെയും രക്ഷിതാക്കളെയും ആകർഷിക്കുന്നതിനായി ‘ചോദ്യക്കടലാസ് തരാം’, ‘ചോദ്യങ്ങൾ മുൻകൂട്ടി പ്രവചിക്കാം’, ‘ഞങ്ങൾ നൽകുന്നത് മാത്രം പഠിച്ചാൽ മതി’ തുടങ്ങിയ തെറ്റായ വാഗ്ദാനങ്ങൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇത്തരം വ്യാജ പ്രചാരണങ്ങൾ കുട്ടികളിൽ തെറ്റായ പ്രതീക്ഷ നൽകുകയും പരീക്ഷയെക്കുറിച്ച് വലിയ രീതിയിലുള്ള ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വിദ്യാർത്ഥികളുടെ ഭാവി വച്ചുകളിക്കുന്ന ഇത്തരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കും ചാനലുകൾക്കുമെതിരെ അടിയന്തരമായി കർശന നിയമനടപടി സ്വീകരിക്കണമെന്ന് മന്ത്രിയുടെ ഓഫിസ് പോലീസിനോട് ആവശ്യപ്പെട്ടു.

