ഡൽഹി: കേരള പോലീസിനെ പതിറ്റാണ്ടുകളായി വലയ്ക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന സൂചന നൽകുന്ന നിർണായക വിവരങ്ങൾ പുറത്ത്.
തെക്കുകിഴക്കനേഷ്യൻ രാജ്യമായ ബ്രൂണെയിലാണ് ഇയാൾ കഴിയുന്നതെന്നാണ് റിപ്പോർട്ട്. പേരുമാറ്റി, ബ്രൂണെയിലെ മലയാളി സമൂഹവുമായി അകലം പാലിച്ച് ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണ് ഇയാളെന്നാണ് വിവരം.
ഒരു സൈബർ വിദഗ്ധൻ കൗതുകത്തിന്റെ പേരിൽ നടത്തിയ സ്വകാര്യ അന്വേഷണമാണ് കേസിൽ പുതിയ വഴിത്തിരിവായത്. കുറുപ്പിന്റെ നാട്ടിലുള്ള ബന്ധുക്കളുടെ ഫോൺ വിവരങ്ങൾ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിൽ, ഇയാൾ ഭാര്യയുമായും മക്കളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഭാര്യയുടെ ആരോഗ്യവിവരങ്ങൾ അന്വേഷിക്കാറുണ്ടെന്നും കണ്ടെത്തി.
ബ്രൂണെയിലുള്ള പ്രാദേശിക മലയാളികളുടെ സഹായത്തോടെ ഇയാൾ പതിവായി ഭക്ഷണം കഴിക്കാനെത്തുന്ന ഹോട്ടൽ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും, താമസസ്ഥലം കണ്ടെത്തുകയുമായിരുന്നു. തന്ത്രപരമായി ചിത്രീകരിച്ച ഇയാളുടെ 2023-ലെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
പഴയ പാസ്പോർട്ടുകളുടെ കാലാവധി കഴിഞ്ഞതിനാൽ വ്യാജ രേഖകൾ ഉപയോഗിച്ച് നിയമവിരുദ്ധമായാണ് നിലവിൽ ബ്രൂണെയിൽ കഴിയുന്നത്. നിർമാണ മേഖലയുമായി ബന്ധപ്പെട്ട ബിസിനസ്സുകളിലാണ് ഇയാൾ ഏർപ്പെട്ടിരിക്കുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും വിഷയം നിരീക്ഷിച്ചു വരികയാണ്.

