കാസർകോട്: മൗവ്വലിൽ താഴ്ന്നു നിൽക്കുകയായിരുന്ന വൈദ്യുതി ലൈനിൽ തട്ടി ട്രക്കിന് തീ പിടിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വിവരമറിഞ്ഞയുടൻ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി സമയബന്ധിതമായി തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാനപാതയിൽ പള്ളിക്കര മേൽപാലത്തിൽ നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ വാഹനങ്ങൾ മൗവ്വലിലൂടെ വഴിതിരിച്ചു വിട്ടിരിക്കുകയായിരുന്നു.ഇതുവഴി കടന്നുപോവുകയായിരുന്ന കർണാടക രജിസ്ട്രേഷനിലുള്ള ട്രക്ക് ചെറിയ റോഡിലൂടെ പോകുമ്പോൾ താഴ്ന്നു നിൽക്കുകയായിരുന്ന ഇലക്ട്രിക് ലൈനിൽ തട്ടുകയായിരുന്നു.
ലൈനിൽ തട്ടിയതോടെ ട്രക്കിനും അതിലുണ്ടായിരുന്ന സാധനങ്ങൾക്കും ഉടനടി തീ പിടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. തീയണച്ചതിന് ശേഷം വാഹനം റോഡിൽ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

