മാസപ്പടി കേസ്: വീണ വിജയന് വീണ്ടും ഇഡി സമൻസ്; ബുധനാഴ്ച ഹാജരാകാൻ നിർദേശം

12 June 2026
മാസപ്പടി കേസ്: വീണ വിജയന് വീണ്ടും ഇഡി സമൻസ്; ബുധനാഴ്ച ഹാജരാകാൻ നിർദേശം

കൊച്ചി: സിഎംആർഎൽ (CMRL) സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ പടിയും എക്സാലോജിക് കമ്പനി മാനേജിംഗ് ഡയറക്ടറുമായ വീണ വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) വീണ്ടും സമൻസ് അയച്ചു. വരും ബുധനാഴ്ച രാവിലെ 10.30-ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാനാണ് നിർദേശം.

അനാരോഗ്യം ചൂണ്ടിക്കാട്ടി മുൻപ് നൽകിയ സമൻസിൽ നിന്ന് വീണ ഒഴിഞ്ഞുമാറിയിരുന്നു. രണ്ടാഴ്ചത്തെ സാവകാശം തേടി ഇഡിക്ക് ഇമെയിൽ അയക്കുകയും, ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകൻ വഴി സമർപ്പിക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഈ ആവശ്യങ്ങൾ തള്ളിക്കൊണ്ടാണ് ഇഡി ഇപ്പോൾ പുതിയ സമൻസ് പുറപ്പെടുവിച്ചിരിക്കുന്നത്. പിഎംഎൽഎ (PMLA) വകുപ്പ് 50 പ്രകാരമുള്ള സമൻസ് ആയതിനാൽ കക്ഷി നേരിട്ട് തന്നെ ഹാജരാകണമെന്ന നിലപാടിലാണ് അന്വേഷണ സംഘം.

കേസുമായി ബന്ധപ്പെട്ട് സിഎംആർഎൽ ഉദ്യോഗസ്ഥരെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാൻ സിഎംആർഎൽ ഉദ്യോഗസ്ഥൻ ശരൺ എസ്. കർത്തയ്ക്ക് ഇഡി നിർദേശം നൽകിയിട്ടുണ്ട്.