യൂട്യൂബർ ‘തൊപ്പി’ക്കും സംഘത്തിനുമെതിരെ ഡിജിപിയുടെ അന്വേഷണ ഉത്തരവ്

13 June 2026
യൂട്യൂബർ ‘തൊപ്പി’ക്കും സംഘത്തിനുമെതിരെ ഡിജിപിയുടെ അന്വേഷണ ഉത്തരവ്

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ അശ്ലീല പ്രദർശനവും സ്ത്രീവിരുദ്ധതയും പ്രചരിപ്പിക്കുന്നു എന്ന പരാതിയിൽ പ്രമുഖ യൂട്യൂബറും വ്ലോഗറുമായ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാലിനും സംഘത്തിനുമെതിരെ ഡിജിപിയുടെ അന്വേഷണ ഉത്തരവ്. അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡിജിപി റവാഡ ചന്ദ്രശേഖരനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കേസ് സൈബർ ഓപ്പറേഷൻസ് എസ്.പി അങ്കിത് അശോകൻ അന്വേഷിക്കുമെന്ന് കാണിച്ച് പോലീസ് ആസ്ഥാനത്തുനിന്ന് തനിക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി ശ്രീജിത്ത് പെരുമന വ്യക്തമാക്കി.

യൂട്യൂബർ തൊപ്പിക്ക് പുറമെ ഷംസീർ, മമ്മു, ജാസി എന്നിവരടങ്ങുന്ന സംഘത്തിനെതിരെയാണ് പരാതി. പോക്സോ (POCSO), സമൂഹമാധ്യമങ്ങളിലൂടെയുള്ള അശ്ലീല പ്രദർശനം, ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കൽ, സൈബർ കുറ്റകൃത്യങ്ങൾ,ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ഇവർ ചെയ്യുന്നതായി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

ഇവർക്ക് സ്‌കൂൾ ടീനേജ് വിദ്യാർഥികൾക്കിടയിൽ വലിയ സ്വീകാര്യതയുണ്ട്. പരസ്പരം വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന ചർച്ചകളാണ് ലൈവ് സ്ട്രീമിങ്ങിലൂടെയും വീഡീയോകളിലൂടെയും തൊപ്പിയും സംഘവും ചെയ്യുന്നത്.