ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലുണ്ടായ ശക്തമായ ചാവേർ സ്ഫോടനത്തിൽ 11 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിലെ ദേര ഇസ്മായിൽ ഖാൻ ജില്ലയിലുള്ള ദരാസിന്ദ മേഖലയിലാണ് ദുരന്തമുണ്ടായത്.
അമൻ മേള പ്രദേശത്തിന് സമീപമുള്ള പൊലീസ് ചെക്ക്പോയിന്റിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഓടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്. ഭീകരസംഘടനയായ തെഹ്രീക് ഇ താലിബാൻ പാകിസ്ഥാൻ (ടി.ടി.പി) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.
സ്ഫോടനത്തെ തുടർന്ന് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

