കാസർകോട്: കാസർകോട് വെസ്റ്റ് എളേരി വരക്കാട് നിയന്ത്രണം വിട്ട കുഴൽക്കിണർ ഡ്രില്ലിംഗ് യന്ത്രം ഘടിപ്പിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്ഗഡ് സ്വദേശി മനാസർ എന്നിവരാണ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടത്.
ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനം, വലിയ വളവും കയറ്റിറക്കവുമുള്ള റോഡിലെ ഇറക്കത്തിൽ വെച്ച് നിയന്ത്രണം വിട്ട് സമീപത്തെ വീടുകളിലൊന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ജെയ്സൺ എന്നയാളും കുടുംബവും താമസിച്ചിരുന്ന വീടിന് നേരെയാണ് വാഹനം ഇടിച്ചുകയറിയത്. അപകടസമയത്ത് വീട്ടിൽ ആളുകൾ കിടന്നുറങ്ങുന്നുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു. എന്നാൽ വാഹനം ഇടിച്ചതിനെ തുടർന്ന് വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങൾ തുടർനടപടികൾക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

