2026ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ബെൽജിയൻ ശാസ്ത്രജ്ഞനായ ഫ്രാൻസിസ് ഹാൽസന് പ്രഖ്യാപിച്ചു. പ്രപഞ്ചത്തിലെ ഉയർന്ന ഊർജമുള്ള അസ്ട്രോഫിസിക്കൽ ന്യൂട്രിനോകളെയും അവയുടെ ഉറവിടങ്ങളെയും കണ്ടെത്തിയതിനാണ് അംഗീകാരം.
അന്റാർട്ടിക്കയിലെ ദക്ഷിണ ധ്രുവത്തിൽ സ്ഥാപിച്ചിട്ടുള്ള, ലോകത്തിലെ ഏറ്റവും വലിയ ന്യൂട്രിനോ ഡിറ്റക്ടറായ ‘ഐസ്ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററി’യുടെ നിർമാണത്തിനും അതിന്റെ നേതൃത്വത്തിനും പങ്കുവഹിച്ച പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററാണ് അദ്ദേഹം.
നിലവിൽ അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് വിസ്കോൺസിൻ-മാഡിസണിൽ പ്രഫസറായി സേവനമനുഷ്ഠിക്കുകയാണ് ഫ്രാൻസിസ് ഹാൽസൻ. 1980കളുടെ അവസാനം മുതൽ ദക്ഷിണ ധ്രുവത്തിലെ അന്റാർട്ടിക് മഞ്ഞുമലകൾക്കുള്ളിൽ ന്യൂട്രിനോകളെ കണ്ടെത്താനുള്ള ഗവേഷണങ്ങളിൽ അദ്ദേഹം സജീവമാണ്.
പ്രപഞ്ചത്തിലെ അതിശക്തമായ പ്രതിഭാസങ്ങളായ ബ്ലാക്ക് ഹോളുകൾ, പൊട്ടിത്തെറിക്കുന്ന നക്ഷത്രങ്ങൾ (സൂപ്പർനോവ) എന്നിവയിൽനിന്ന് എത്തുന്ന അതിവേഗ ന്യൂട്രിനോകളെ കണ്ടെത്താൻ ഐസ്ക്യൂബ് ഒബ്സർവേറ്ററി വഴി അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘത്തിന് സാധിച്ചിരുന്നു. സാധാരണഗതിയിൽ കണ്ടെത്താൻ പ്രയാസമുള്ള ഈ സൂക്ഷ്മകണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള ഗവേഷണങ്ങൾ വഴിതെളിച്ചു.

