തിരുവനന്തപുരം: ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരുടെ ദുരിതത്തിന് വിരാമമിട്ട് പുഷ്ബാക്ക് സംവിധാനമുള്ള ബക്കറ്റ് സീറ്റുകൾ റെയിൽവേ പുനഃസ്ഥാപിച്ചു.
എൽ ഷേപ്പ് (L Shape) സീറ്റുകൾ കാരണം ദീർഘദൂര യാത്രക്കാരിൽ കടുത്ത കഴുത്തുവേദനയും നടുവേദനയുമുണ്ടാകുന്നെന്ന വ്യാപകമായ പരാതിയെത്തുടർന്നാണ് റെയിൽവേയുടെ ഈ സുപ്രധാന നടപടി.
റെയിൽവേ നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായാണ് യാത്രക്കാരുടെ നാളുകളായുള്ള ആവശ്യം നടപ്പിലാക്കിയിരിക്കുന്നത്. വന്ദേ ഭാരതിനുശേഷം കേരളത്തിലൂടെ ഓടുന്ന ഏറ്റവും വേഗമേറിയ ട്രെയിനുകളിലൊന്നായ ജനശതാബ്ദിയുടെ കണ്ണൂർ-തിരുവനന്തപുരം റൂട്ടിലാണ് ആദ്യഘട്ടത്തിൽ എൽ-സീറ്റുകൾ മാറ്റി പുതിയ പുഷ്ബാക്ക് സീറ്റുകൾ അവതരിപ്പിച്ചത്.
ദൂരസ്ഥലങ്ങളിലേക്ക് യാത്രചെയ്യുന്നവർക്ക് ഇനി നടുവേദനയില്ലാതെ സുഖമായി യാത്ര ചെയ്യാനും ഇരുന്നുറങ്ങാനും പുതിയ സീറ്റുകൾ ഏറെ സഹായകരമാകും. അടുത്ത ഘട്ടത്തിൽ കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദിയിലും ഈ മാറ്റം വരുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

