നെടുമ്പാശേരി കാർ അപകടം: ഡ്രൈവർ സുഹൈലിനു മർദനം

11 October 2026
നെടുമ്പാശേരി കാർ അപകടം: ഡ്രൈവർ സുഹൈലിനു മർദനം

നെടുമ്പാശേരി: നെടുമ്പാശേരി അത്താണിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്ന സുഹൈൽ സജീവിന് നേരെ കയ്യേറ്റശ്രമം. പൊലീസ് കസ്റ്റഡിയിൽ വൈദ്യപരിശോധനയ്ക്കായി അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സുഹൃത്തുക്കളാണ് പ്രതിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരം. ആശുപത്രിക്ക് ഉള്ളിൽ നിന്നും സുഹൈലിനെ പുറത്തേക്ക് കൊണ്ടുവരുന്നതിനിടയിൽ ആളുകൾ പ്രകോപിതരായി അടുത്തേക്ക് എത്തുകയും ‘നിന്റെ അച്ഛൻ എവിടെയെടാ’ എന്ന് ചോദിച്ച് ആക്രമിക്കാൻ മുതിരുകയുമായിരുന്നു.

ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം ഉണ്ടായത്. വിമാനത്താവളത്തിന്റെ ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ ആഡംബര കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന രണ്ട് യുവതികളും ഒരു യുവാവുമാണ് സംഭവസ്ഥലത്തുതന്നെ ദാരുണമായി മരണപ്പെട്ടത്.