നെടുമ്പാശ്ശേരി അപകടം: പ്രതി സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മരിച്ച ദേവികയുടെ കുടുംബം

12 October 2026
നെടുമ്പാശ്ശേരി അപകടം: പ്രതി സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മരിച്ച ദേവികയുടെ കുടുംബം

കൊച്ചി: നെടുമ്പാശ്ശേരിയിൽ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ട ദേവികയുടെ കുടുംബം. തങ്ങൾക്കുണ്ടായ അനുഭവം ഇനി മറ്റൊരു കുടുംബത്തിനും ഉണ്ടാകരുതെന്ന് ദേവികയുടെ അമ്മ പറഞ്ഞു. പഠനത്തിൽ ഏറെ മികച്ചുനിന്ന ദേവികയായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയവും പ്രതീക്ഷയും. സ്ഥലം വിറ്റാണ് മകളെ പഠിപ്പിച്ചതെന്നും, വിദേശത്തേക്ക് പോകാനിരിക്കെയാണ് ഈ ദുരന്തം സംഭവിച്ചതെന്നും വിതുമ്പലോടെ കുടുംബാംഗങ്ങൾ വ്യക്തമാക്കി.

സുഹൈൽ കരുതിക്കൂട്ടി ഇടിച്ചതാണോ എന്ന് സംശയമുണ്ടെന്നും ഇയാൾക്കെതിരെ കൂടുതൽ ശക്തമായ വകുപ്പുകൾ ചുമത്തി പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. അപകടത്തിന് ശേഷം പ്രതിയായ സുഹൈൽ സജീവിനെ കുട്ടികളുടെ ജയിലിൽ പാർപ്പിച്ചതിനെയും കുടുംബം ചോദ്യം ചെയ്തു. ഇത്രയും വലിയ കുറ്റകൃത്യം ചെയ്തയാളെ കുട്ടികളുടെ ജയിലിലാണോ തടവിൽ പാർപ്പിക്കേണ്ടതെന്നും, ഇതിന് പിന്നിൽ പ്രതിയുടെ കുടുംബത്തിന്റെ സ്വാധീനവും ഇടപെടലും ഉണ്ടോയെന്ന് സംശയിക്കുന്നതായും അവർ ആരോപിച്ചു.

കേസിൽ സർക്കാരും പൊലീസും ഒപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും ദേവികയുടെ കുടുംബം കൂട്ടിച്ചേർത്തു.