തിരുവനന്തപുരം: സംസ്ഥാനത്തെ സ്പാകളില് പൊലീസ് നടത്തിയ മിന്നല് പരിശോധനയില് 14 സ്ഥാപനങ്ങള്ക്കെതിരെ കേസുകള് രജിസ്റ്റര് ചെയ്തു. ക്രമസമാധാന പരിപാലന വിഭാഗം എ.ഡി.ജി.പി പി. വിജയന്റെ നിര്ദേശാനുസരണം സംസ്ഥാനവ്യാപകമായി നടപ്പിലാക്കിയ “ഓപ്പറേഷന് സ്പാ” എന്ന പ്രത്യേക പരിശോധനയുടെ ഭാഗമായാണ് ഈ നടപടി. ഇതുവരെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തുള്ള ആകെ 821 സ്പാ സ്ഥാപനങ്ങളില് 586 എണ്ണത്തിലാണ് പരിശോധന നടത്തിയത്. ഇതില് ചട്ടങ്ങള് കര്ശനമായി പാലിക്കാത്ത 44 സ്ഥാപനങ്ങള്ക്ക് പൊലീസ് നോട്ടീസ് നല്കിയിട്ടുണ്ട്. പരിശോധനയില് ഏറ്റവും കൂടുതല് നടപടികള് രേഖപ്പെടുത്തിയത് കോഴിക്കോട് സിറ്റിയിലാണ്. ഇവിടെ ആകെ 87 കേന്ദ്രങ്ങളില് 70 ഇടങ്ങളില് റെയ്ഡ് നടത്തി. തുടര്ന്ന് നാല് കേസുകള് രജിസ്റ്റര് ചെയ്യുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
മലപ്പുറം ജില്ലയില് 78 കേന്ദ്രങ്ങളില് 71 പരിശോധനകളും, തൃശൂര് സിറ്റിയില് 58 കേന്ദ്രങ്ങളില് 56 പരിശോധനകളും, പാലക്കാട് 71 കേന്ദ്രങ്ങളില് 55 പരിശോധനകളും നടന്നു. ഇതിനുപുറമേ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മൂന്ന് കേസുകൾ വീതവും, എറണാകുളം റൂറലില് രണ്ട് കേസുകളും, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓരോ കേസ് വീതവും രജിസ്റ്റര് ചെയ്തിട്ടുണ്ട്. നിയമവിരുദ്ധമായ പ്രവര്ത്തനങ്ങളില് ഏര്പ്പെടുന്ന സ്ഥാപനങ്ങള്ക്കെതിരെ കര്ശന നടപടികള് തുടരുമെന്ന് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി അറിയിച്ചു.

