ശബരിമലയിൽ നഷ്ടപ്പെട്ട സ്വർണത്തിന്റെ കൃത്യമായ അളവ് കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണസംഘം (എസ്ഐടി) സന്നിധാനത്ത് നിർണായക പരിശോധന നടത്തി. ശ്രീകോവിലിന്റെ താഴത്തെ കട്ടിളപ്പാളിയുടെ ഭാഗങ്ങൾ ഉൾപ്പെടെ ഇളക്കിമാറ്റിയാണ് ഉദ്യോഗസ്ഥർ ഭാരം അളന്നത്. പരിശോധനയ്ക്ക് ശേഷം ഇവ യഥാസ്ഥാനത്ത് തിരികെ പിടിപ്പിച്ചു.
സംസ്ഥാനസർക്കാരിന്റെ അളവുതൂക്കവകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഭാരം തിട്ടപ്പെടുത്തിയത്.മിഥുനമാസ പൂജകൾക്കായി ഇന്നലെ വൈകിട്ട് അഞ്ചിന് ക്ഷേത്രനട തുറന്നതിന് ശേഷമാണ് എസ്ഐടി ഉദ്യോഗസ്ഥരും അളവുതൂക്ക വിഭാഗവും സോപാനത്തെത്തിയത്. തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലായിരുന്നു പരിശോധനകൾ ക്രമീകരിച്ചിരുന്നത്.
സ്വർണക്കൊള്ളക്കേസിലെ അന്തിമ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിന് മുന്നോടിയായാണ് എസ്ഐടിയുടെ ഈ സന്നിധാനം സന്ദർശനം. ശ്രീകോവിലിലെ സ്വർണത്തിന്റെ ഭാരമെടുത്ത് കൃത്യത വരുത്താൻ കഴിഞ്ഞയാഴ്ച ഹൈക്കോടതി പ്രത്യേക അനുമതി നൽകിയിരുന്നു.

