ധനരാജ് വധക്കേസ്: ഇന്ന് വിധി, പ്രതികൾ 20 ബിജെപി-ആർഎസ്എസ് പ്രവർത്തകർ

23 November 2026
ധനരാജ് വധക്കേസ്: ഇന്ന് വിധി, പ്രതികൾ 20 ബിജെപി-ആർഎസ്എസ് പ്രവർത്തകർ

തളിപ്പറമ്പ്: സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന രാമന്തളി കാരന്താട്ടെ സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധി പറയും. അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്താണ് കേസിൽ വിധി പ്രസ്താവിക്കുന്നത്.

കേസിൽ ആകെ 20 ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകരാണ് പ്രതികളുള്ളത്. ഇതിൽ 12-ാം പ്രതിയായ സി. ബിജു (ചൂരക്കാട്ട് ബിജു) കൊല്ലപ്പെട്ടിരുന്നു. തുടർന്ന് 19 പ്രതികളുടെ വിചാരണയാണ് കോടതിയിൽ പൂർത്തിയായത്. 2016 ജൂലായ് 11-ന് രാത്രി പത്തോടെ ധനരാജിനെ ഒരു സംഘം വീടിനു മുന്നിൽ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

2025 സെപ്റ്റംബർ 25-നാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയിൽ കേസ് വിസ്താരം ആരംഭിച്ചത്. വിചാരണ വേളയിൽ 43 സാക്ഷികളെ കോടതി വിസ്തരിക്കുകയും 177 രേഖകളും 33 മെറ്റീരിയൽ തെളിവുകളും ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.