സാമ്പത്തിക അച്ചടക്കവും കിഫ്ബി പുനഃസംഘടനയും; വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ

18 June 2026
സാമ്പത്തിക അച്ചടക്കവും കിഫ്ബി പുനഃസംഘടനയും; വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക ദിശാബോധം തിരുത്തിയെഴുതാൻ ലക്ഷ്യമിട്ടുള്ള വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ (ജൂൺ 19) നിയമസഭയിൽ അവതരിപ്പിക്കും.

മുഖ്യമന്ത്രി പദവിക്കൊപ്പം ധനകാര്യ വകുപ്പും കൈകാര്യം ചെയ്യുന്ന വി.ഡി സതീശന്റെ കന്നി ബജറ്റാണിത്.

സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം മോശമാണെന്ന് വിലയിരുത്തിക്കൊണ്ട് സർക്കാർ അടുത്തിടെ പുറത്തിറക്കിയ ധവളപത്രത്തിന് പിന്നാലെയാണ് ഈ ബജറ്റ് വരുന്നത് എന്നതിനാൽ, കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളും വരുമാന വർദ്ധനയ്ക്കുള്ള പുതിയ നിർദ്ദേശങ്ങളും ഇതിലുണ്ടാകുമെന്നാണ് സൂചന.

ആർ. ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം കേരളത്തിൽ ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാമത്തെ കോൺഗ്രസ് മുഖ്യമന്ത്രിയെന്ന നേട്ടവും ഇതോടെ വി.ഡി സതീശന് സ്വന്തമാകും.

സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള പദ്ധതി പ്രഖ്യാപനങ്ങൾക്കൊപ്പം ഈ ബജറ്റിൽ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്നത് കിഫ്ബിയുടെ (KIIFB) പുനഃസംഘടനയാണ്.

സാമ്പത്തിക സമാഹരണത്തിലും വിനിയോഗത്തിലും ധനവകുപ്പിന്റെ പൂർണ്ണമായ നിയന്ത്രണം ഉറപ്പാക്കാനും, കിഫ്ബിയുടെ വരവുചെലവുകൾ സംസ്ഥാന ബജറ്റിന്റെ ഭാഗമാക്കുന്ന വിധത്തിൽ നിലവിലുള്ള നിയമങ്ങളിൽ മാറ്റം വരുത്താനും ബജറ്റിൽ നിർദ്ദേശമുണ്ടാകും. കിഫ്ബിയെ പൂർണ്ണമായും ഒരു ‘റവന്യൂ മോഡൽ’ സംവിധാനത്തിലേക്ക് മാറ്റാനാണ് സർക്കാർ ഒരുങ്ങുന്നത്.

വരുമാന സ്രോതസ്സുകൾ കണ്ടെത്തുക എന്ന കഠിനമായ ദൗത്യത്തിനൊപ്പം, വികസന ആവശ്യങ്ങളും ജനക്ഷേമ പദ്ധതികളും ബാലൻസ് ചെയ്യുക എന്ന വലിയ വെല്ലുവിളിയാണ് വി.ഡി സതീശന് മുന്നിലുള്ളത്. എങ്കിലും സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി ജനങ്ങൾക്ക് മുന്നിൽ വെച്ചുകൊണ്ട്, സുതാര്യവും പ്രായോഗികവുമായ ഒരു വികസന മാതൃക ബജറ്റിലൂടെ അവതരിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് സർക്കാർ.