തിരുവനന്തപുരം: സുരക്ഷാ ഉദ്യോഗസ്ഥർ നവകേരള യാത്രയ്ക്കിടെ പ്രതിഷേധക്കാരെ മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ അന്വേഷണം ഊർജ്ജിതമാക്കി പ്രത്യേക അന്വേഷണ സംഘം (SIT).
എഡിജിപി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ഇടപെട്ടെന്ന സൂചനകൾ ബലപ്പെടുത്തുന്ന നിർണ്ണായക തെളിവുകൾ എസ്ഐടിക്ക് ലഭിച്ചു. തിരുവനന്തപുരത്തെ പേരൂർക്കട പൊലീസ് ക്ലബ്ബിൽ മർദ്ദനക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥ സംഘം എത്തിയതായി എസ്ഐടി സ്ഥിരീകരിച്ചു.
ഇവരുടെ പേരുകൾ പൊലീസ് ക്ലബ്ബിലെ ഔദ്യോഗിക രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 2024 ഓഗസ്റ്റിലാണ് ഈ സന്ദർശനം നടന്നത്. ഈ സമയത്ത് എഡിജിപി എം.ആർ. അജിത് കുമാറും തിരുവനന്തപുരത്ത് ഉണ്ടായിരുന്നു എന്നത് അന്വേഷണസംഘം ഗൗരവത്തോടെയാണ് കാണുന്നത്.
അന്വേഷണം എഡിജിപിയുടെ ഓഫീസിലേക്ക്; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുഅട്ടിമറി ശ്രമത്തിൽ എഡിജിപിയുടെ നേരിട്ടുള്ള ഇടപെടൽ സ്ഥിരീകരിക്കുന്നതിനായി അദ്ദേഹത്തിന്റെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ എസ്ഐടി വിശദമായി പരിശോധിച്ചു വരികയാണ്.
എഡിജിപിയുടെ ഓഫീസിലെ മുൻ ജീവനക്കാരുടെ ഉൾപ്പെടെ മൊഴിയെടുത്ത് സ്വാധീനശ്രമങ്ങൾ നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തും.
പ്രതിഷേധക്കാരെ മർദ്ദിക്കാൻ ഉപയോഗിച്ച ലാത്തികൾ കണ്ടെത്തി ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. കൂടാതെ പ്രതിപ്പട്ടികയിലുള്ളവരുടെ ഫോൺ കോൾ വിവരങ്ങൾ എസ്ഐടി പരിശോധിച്ച് വരികയാണ്.
മർദ്ദനത്തിന് പിന്നിൽ ഉന്നതതലത്തിൽ നിന്നുള്ള ആസൂത്രിത നിർദ്ദേശങ്ങൾ ഉണ്ടായിരുന്നോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.സുരക്ഷാ ജീവനക്കാരുടെ മർദ്ദനത്തെ അന്നത്തെ മുഖ്യമന്ത്രി ‘രക്ഷാപ്രവർത്തനം’ എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദമായിരുന്നു. ഈ കേസിന്റെ തുടരന്വേഷണമാണ് ഇപ്പോൾ എഡിജിപി തലത്തിലേക്ക് നീളുന്നത്.

