വരുന്നു കേരളത്തിലേക്ക് വീര്യം കുറഞ്ഞ മദ്യം; ‘ലോ ആല്‍ക്കഹോളിക് ബവ്‌റിജസ്’ എന്ന വിഭാഗത്തിലെ മദ്യത്തിന്റെ നികുതി ഘടന നിശ്ചയിച്ചു

20 June 2026
വരുന്നു കേരളത്തിലേക്ക് വീര്യം കുറഞ്ഞ മദ്യം; ‘ലോ ആല്‍ക്കഹോളിക് ബവ്‌റിജസ്’ എന്ന വിഭാഗത്തിലെ മദ്യത്തിന്റെ നികുതി ഘടന നിശ്ചയിച്ചു

തിരുവനന്തപുരം: കേരളത്തിൽ വീര്യം കുറഞ്ഞ മദ്യങ്ങളുടെ വിൽപ്പനയ്ക്ക് വഴിയൊരുങ്ങുന്നു. മദ്യനിർമാതാക്കളുടെ ദീർഘകാല ആവശ്യം പരിഗണിച്ച് സർക്കാർ ഈ വിഭാഗത്തിലുള്ള ഉൽപ്പന്നങ്ങൾക്ക് പ്രത്യേക നികുതി ഘടന നിശ്ചയിച്ചു. ഇതോടെ സംസ്ഥാനത്ത് “ലോ ആൽക്കഹോളിക് ബെവറേജസ്” വിഭാഗത്തിൽപ്പെടുന്ന മദ്യങ്ങൾ വിപണിയിലെത്താൻ സാധ്യത ശക്തമായി.

ബജറ്റിൽ തന്നെ ലോ ആൽക്കഹോളിക് ബെവറേജസ് വിഭാഗത്തിനുള്ള നികുതി ഘടന പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇപ്പോഴാണ് അതിന്റെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. 0.5 ശതമാനം മുതൽ 20 ശതമാനം വരെ ആൽക്കഹോൾ അംശമുള്ള പാനീയങ്ങളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്.

മുൻപ് 2022-23 അബ്കാരി നയത്തിൽ വീര്യം കുറഞ്ഞ മദ്യങ്ങളുടെ വിൽപ്പനയ്ക്ക് അനുമതി നൽകുന്നതിനായി ചട്ടഭേദഗതി വരുത്തിയിരുന്നെങ്കിലും, പ്രത്യേക നികുതി നിരക്ക് പ്രഖ്യാപിച്ചിരുന്നില്ല. ഇതുമൂലം കുറഞ്ഞ ആൽക്കഹോൾ അംശമുള്ള പാനീയങ്ങൾക്കും ഉയർന്ന വീര്യമുള്ള മദ്യങ്ങൾക്ക് സമാനമായ നികുതി ബാധകമായിരുന്നു. 42.86 ശതമാനം വീര്യമുള്ള മദ്യങ്ങൾക്ക് നൽകേണ്ട അതേ നികുതി തന്നെ അടയ്ക്കേണ്ട സാഹചര്യം നിലനിന്നതിനാൽ കമ്പനികൾ കേരള വിപണിയിലേക്ക് ഇത്തരം ഉൽപ്പന്നങ്ങൾ എത്തിക്കാൻ താത്പര്യം കാണിച്ചിരുന്നില്ല.

പുതിയ നികുതി ഘടന നിലവിൽ വരുന്നതോടെ കുറഞ്ഞ ആൽക്കഹോൾ അംശമുള്ള ബിയർ, വൈൻ, റെഡി-ടു-ഡ്രിങ്ക് വിഭാഗത്തിലെ വിവിധ ഉൽപ്പന്നങ്ങൾ കേരള വിപണിയിലെത്തുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തെ മദ്യവിപണിയിൽ ഇത് പുതിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നും കരുതപ്പെടുന്നു.