മാസപ്പടി കേസ്: ടി. വീണയെ ഇഡി വീണ്ടും വിളിപ്പിച്ചു; ഈ മാസം 29-ന് ഹാജരാകണം

21 June 2026
മാസപ്പടി കേസ്: ടി. വീണയെ ഇഡി വീണ്ടും വിളിപ്പിച്ചു; ഈ മാസം 29-ന് ഹാജരാകണം

കൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ മകൾ ടി. വീണയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു.

ഈ മാസം 29-ാം തീയതി കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

കഴിഞ്ഞ ജൂൺ 17-ന് കൊച്ചിയിലെ ഓഫീസിൽ വീണയെ ഇഡി എട്ട് മണിക്കൂറോളം വിശദമായി ചോദ്യം ചെയ്തിരുന്നു. എന്നാൽ അന്ന് സമയപരിമിതി മൂലം ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഇതിന്റെ തുടർച്ചയായാണ് 29-ന് വീണ്ടും ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ തവണ ഹാജരായപ്പോൾ വീണ നൽകിയ മൊഴികളിൽ ചില പൊരുത്തക്കേടുകൾ ഉള്ളതായി ഇഡിക്ക് വ്യക്തമായിട്ടുണ്ട്. കേന്ദ്ര ഏജൻസി ശേഖരിച്ച വിവിധ രേഖകളും വീണ നൽകിയ മൊഴികളും തമ്മിൽ വലിയ അന്തരമുണ്ടെന്നാണ് സൂചന.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ എച്ച്.ഡി.എഫ്.സി ബാങ്കിലുള്ള വീണയുടെ അക്കൗണ്ടുകളിലും അതിന് മുന്നോടിയായി ലോക്കറിലും ഇഡി വിശദമായ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാകും വരും ദിവസങ്ങളിലെ ചോദ്യം ചെയ്യൽ.

സി.എം.ആർ.എല്ലിൽ നിന്ന് ഐടി സേവനങ്ങളുടെ പ്രതിഫലമായാണ് എക്സാലോജിക്കിന് പണം ലഭിച്ചതെന്ന വാദത്തിൽ കൂടുതൽ വ്യക്തത വരുത്താനും, മുൻ മൊഴികളിലെ വൈരുദ്ധ്യങ്ങൾ പരിശോധിക്കാനുമാണ് ഇഡി ഈ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്.